yusaf-and-family

കയ്പമംഗലം: തകർന്നു വീഴാറായ തറവാട്ടു വീട്ടിൽ നിന്ന് സ്വന്തം പേരിലുള്ള വീട്ടിലേക്ക് മാറി താമസിക്കാനുള്ള കോടതിയുടെ ഉത്തരവ് ആദ്യ ഭാര്യ അനുവദിക്കാതെയായപ്പോൾ കാർപ്പോർച്ചിൽ കഴിയുകയാണ് മുൻ പ്രവാസിയും കുടുംബവും. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ചിറക്കൽ ജുമാത്ത് പള്ളിക്ക് വടക്കുവശം താമസിക്കുന്ന പള്ളി പറമ്പിൽ യൂസഫിനും കുടുംബത്തിനും യൂസഫിന്റെ ഭിന്നശേഷിക്കാരനായ സഹോദരൻ മസ്ദൂതിനുമാണ് കോടതി ഉത്തരവിൽ നീതി ലഭിക്കാതെ സ്വന്തം വീട്ടിലെ പോർച്ചിൽ കഴിയേണ്ടി വരുന്നത്.
വർഷങ്ങൾക്ക് മുമ്പ് ആദ്യ ഭാര്യ പിണങ്ങി പോയതിനെ തുടർന്ന് പ്രവാസിയായ യൂസഫ് രണ്ടാമതും വിവാഹം കഴിച്ചു കുടുംബ സമേതം വിദേശത്തായിരുന്നു. നാട്ടിലെ തറവാട്ടു വീട്ടിൽ മാതാപിതാക്കളോടൊപ്പം ഭിന്നശേഷിക്കാരനായ സാഹോദരനും താമസിച്ചിരുന്നു. പിന്നീട് യൂസഫ് വിദേശത്തായിരുന്നപ്പോൾ പണികഴിപ്പിച്ച സ്വന്തം വീട്ടിൽ മാതാപിതാക്കളും ഭിന്നശേഷിക്കാരനായ സഹോദരനും താമസം തുടങ്ങാൻ സമയത്ത് ആദ്യ ഭാര്യയും കുട്ടികളും വന്ന് ഇവരെ വീട്ടിൽ നിന്ന് പറഞ്ഞു വിട്ടു അവിടെ താമസം തുടങ്ങി. ആദ്യ ഭാര്യയുമായി കോടതിയിൽ കേസു നിലനിൽക്കുന്നതിനാൽ നാട്ടിലെത്തിയ ശേഷം യൂസഫിന്റെ രണ്ടാം ഭാര്യ തന്നെയും കുടുംബത്തേയും ഭർത്താവിന്റെ സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിക്കണം എന്ന് ആവശ്യപെട്ട് കോടതിയിൽ കേസ് നൽകി. കോടതി അനുവദിച്ച ഉത്തരവുമായി കയ്പമംഗലം പൊലീസിന്റെ സഹായത്തോടെ വീട്ടിൽ കയറി താമസിക്കാൻ ഇവർ ശ്രമിച്ചെങ്കിലും യൂസഫിന്റെ ആദ്യ ഭാര്യയും മകളുടെ ഭർത്താവും വാതിൽ അടച്ച് പൂട്ടിയതായി യൂസഫ് പറഞ്ഞു. കയ്പമംഗലം പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും വാതിൽ അടച്ചിടുകയാണ് അവർ ചെയ്തതെന്നും യൂസഫ് വ്യക്തമാക്കി. അതിനാൽ കൊവിഡ് മാഹാമാരിയുടെ കാലത്ത് ശക്തമായ മഴക്കെടുതി സഹിച്ച് സ്വന്തം വീടിന്റെ പോർച്ചിൽ കഴിയുകയാണ് യൂസഫും കുടുംബവും.