ചാവക്കാട്: ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി ചാവക്കാട് മേഖലയിൽ കർശന പൊലീസ് പരിശോധന. ചാവക്കാട് ടൗൺ, ബ്ലാങ്ങാട് ബീച്ച്, അഞ്ചാങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ ചെക്കിംഗ് പോയിന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. നേരിട്ടുള്ള വാഹന പരിശോധനയ്ക്ക് പുറമെ ബൈക്ക് പട്രോളിംഗും സജീവമാണ്.
ചാവക്കാട് സെന്ററിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പരിശോധന. ആശുപത്രി ആവശ്യങ്ങൾ, ആരോഗ്യവിഭാഗം, ബാങ്ക്, സർക്കാർ ജീവനക്കാർ എന്നിവരെ മാത്രമാണ് കടത്തിവിട്ടത്. എന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിട്ട് പോലും ജനം മരുന്ന് ഉൾപ്പെടെ ആവശ്യവസ്തുക്കൾ എന്നിവ വാങ്ങാനായി ചാവക്കാട് ടൗണിൽ എത്തിയത് ആശങ്ക വർദ്ധിപ്പിക്കുന്നു. ട്രിപ്പിൽ ലോക്ക് ഡൗണിൽ ഹോം ഡെലിവറി മാത്രം അനുവദിക്കുകയുള്ളൂവെന്ന വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് ആളുകൾ നഗരത്തിലേക്ക് എത്തിയത്.
വാർഡുകളിൽ ആർ.ആർ.ടി പ്രവർത്തകരെ ആവശ്യവസ്തുക്കളുടെ വിതരണത്തിന് നിയോഗിച്ചിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ആർ.ആർ.ടിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം നിലനിൽക്കുണ്ട്. ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘനം നടത്തിയവർക്കെതിരെ പൊലീസ് പിഴയീടാക്കുന്നുണ്ട്. ചാവക്കാട് എസ്.എച്ച്.ഒ: കെ.പി. ജയപ്രസാദ്, എസ്.ഐമാരായ നൗഷാദ്, കെ. സുനു, എ.എസ്.ഐ: സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുശീല, ദ്രുതകർമ സേനാ പ്രവർത്തകർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.