shuchikaranam

കൊടുങ്ങല്ലൂർ: കടൽ തിമിർത്താടി നാശം ഉണ്ടാക്കിയ എറിയാടിന്റെ തീരപ്രദേശത്ത് വീടുകളുടെ ശൂചീകരണ പ്രവൃത്തികളിൽ നാട് ഒന്നായി. ഏറ്റവും കൂടുതൽ നാശം വിതച്ചത് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ്. കടലിനോട് ചേർന്നു കിടക്കുന്നതാണ് ഒന്നാം വാർഡ്. ഇവിടെ ഇരുനൂറിലധികം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇവിടെയുള്ളവരുടെ പറമ്പിലേക്കും വീടുകളിലേക്കുമാണ് കടലേറ്റത്തിൽ ചളിയും മണ്ണും കയറി നാശം ഉണ്ടാക്കിയത്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ വിവിധ തരത്തിൽ പരിശീലനം നേടിയ 15 പേരടങ്ങിയ റെസ്‌ക്യൂ ടീം ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങി. അഴീക്കോട് കോസ്റ്റൽ പൊലീസ്, അഴീക്കോട് തീരദേശ ജാഗ്രത സമിതി, ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകർ, സുന്നി യുവജന സംഘടനാ വളണ്ടിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരെല്ലാം ശുചീകരണ പ്രവർത്തനങ്ങളിൽ കണ്ണികളായി. ആൽഫ പാലിയേറ്റീവിന്റെ പ്രവർത്തകർ ആരോഗ്യപരിപാലനത്തിന് ഉണ്ടായിരുന്നു. വീടുകളിലെ താമസക്കാരും ശുചീകരണത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ നജ്മൽ ഷക്കിർ, പി.കെ അസീം, പൊതുപ്രവർത്തകരായ അഷറഫ് പൂവ്വത്തിങ്കൽ, നൗഷാദ് കൈതവളപ്പിൽ എന്നിവർ നേതൃത്വം നൽകി. നൂറിലധികം വീടുകളും പരിസരവും ഇന്നലെ ശുചീകരിക്കാൻ കഴിഞ്ഞു. ശൂചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലങ്ങൾ കൊടുങ്ങല്ലൂർ തഹസിൽദാർ സന്ദർശിച്ചു.