കയ്പമംഗലം: കടൽക്ഷോഭത്തിൽ മതിലകം കൂളിമുട്ടത്ത് മത്സ്യ ബന്ധന വള്ളം തകർന്നു. കൂളിമുട്ടം ഡബിൾ പോസ്റ്റ് ബീച്ചിൽ കരയിൽ കയറ്റി വച്ചിരുന്ന ഫൈബർ വള്ളമാണ് തകർന്നത്. ശ്രീനാരായണപുരം ശ്രീകൃഷ്ണമുഖം സ്വദേശി ഇളംകൂറ്റ് സിനോജിന്റെ ഉടമസ്ഥതയിലുള്ള സത്യവതി വള്ളമാണ് പൂർണമായും തകർന്നത്. കടൽക്ഷോഭമുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായതിനെ തുടർന്ന് സിനോജ് കഴിഞ്ഞ 13ന് വള്ളം കരയിലേക്ക് കയറ്റിവച്ചിരുന്നു. എന്നാൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് കടലോരത്തെ തെങ്ങ് കടപുഴകി വള്ളത്തിന് മുകളിൽ വീഴുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന വല കടലിൽ ഒലിച്ചു പോയി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. എട്ട് മാസം മുമ്പ് സിനോജിന്റെ മറ്റൊരു വള്ളവും കടൽക്ഷോഭത്തിൽ തകർന്നിരുന്നു.