തൃശൂർ : കടലാക്രമണം രൂക്ഷമായ പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തി ആരംഭിച്ചു. തീരദേശങ്ങളിലും മറ്റും നിരവധി വീടുകളിലാണ് കടൽ വെള്ളം കയറി ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നത്.
ജനവാസ കേന്ദ്രങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലും ശുചീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. കുടിവെള്ള ശേഖരങ്ങളിൽ ക്ലോറിനേഷൻ, മാലിന്യം അടിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ ക്ലോറിനേഷൻ, മാലിന്യ സംസ്കരണം തുടങ്ങിയവയാണ് നടക്കുന്നത്. വെള്ളം അധികമായ ഇടങ്ങളിൽ വെള്ളം പമ്പ് ചെയ്ത് ഒഴുക്കി വിടുന്നുമുണ്ട്. പലയിടത്തും വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധവും പുന:സ്ഥാപിച്ചു. 16 ക്യാമ്പുകളിലായി 173 കുടുംബങ്ങളാണുള്ളത്. ഇതിൽ നാലെണ്ണം ക്വാറന്റൈൻ ക്യാമ്പും ഒരെണ്ണം കൊവിഡ് പൊസിറ്റീവ് ആയ വ്യക്തികൾക്കുമുള്ളതാണ്. ചാലക്കുടി സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് ആണ് ഇത്തരത്തിൽ കൊവിഡ് ബാധിതരായ വ്യക്തികളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. 28 പേരാണ് ഇവിടെയുള്ളത്. കടൽക്ഷോഭം രൂക്ഷമായ കൊടുങ്ങല്ലൂർ താലൂക്കിൽ 10 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 133 കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ട്രിപ്പിൾ ലോക് ഡൗണിൽ
കൂടുതൽ ഇളവുകൾ
തൃശൂർ : ട്രിപ്പിൾ ലോക് ഡൗണിന്റെ ഭാഗമായി ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കളക്ടർ കൂടുതൽ ഇളവുകൾ വരുത്തി. മത്സ്യം, മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് എന്നിവ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും, കന്നുകാലി, കോഴി, വളർത്തുമൃഗങ്ങൾ എന്നിവയ്ക്കുള്ള തീറ്റകൾ വിൽക്കുന്ന കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പ്രവർത്തിക്കാം.
മറ്റ് ഇളവുകൾ ഇവ
ദന്തൽ ക്ലിനിക്കുകൾക്കും പ്രവർത്തനാനുമതി.
സാനിറ്റൈസർ, മാസ്ക് എന്നിവയുടെ നിർമ്മാണത്തിനും വിതരണത്തിനും അനുമതി.
കൊയ്ത്ത് , മെതി യന്ത്രങ്ങൾ പാടശേഖരങ്ങളിലേക്ക് കൊണ്ടുപോകാം.
പാലിയേറ്റീവ് കെയർ, പാചകവാതക വിതരണം, ടെലികമ്മ്യൂണിക്കേഷൻ, കേബിൾ സർവ്വീസ്, ഡിറ്റിഎച്ച് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് തിരിച്ചറിയൽ രേഖയുമായി യാത്ര ചെയ്യാം.