ചാലക്കുടി: മലക്കപ്പാറ തോട്ടം മേഖല കനത്ത കൊവിഡ് ഭീതിയിൽ. 43 തോട്ടം തൊഴിലാളികളാണ് ഇതിനകം രോഗബാധിതരായതെങ്കിലും കൂടുതൽ പേർക്ക് രോഗമുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. പനിയും മറ്റുമുള്ളവർ പുറത്തു പറയാതെ സ്വയം ചികിത്സ നടത്തുന്നുണ്ടെന്ന് കരുതുന്നു.
പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്താണ് രണ്ടു തവണ ആന്റിജൻ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ചയും പരിശോധനാ ക്യാമ്പ് നടത്തുന്നുണ്ട്. തേയില തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായി സംസ്ഥാന അതിർത്തിയായ മലക്കപ്പാറയിൽ 1200ലേറെ ജനസംഖ്യയുണ്ട്. മലയാളികളെല്ലാം ഈ മേഖലയിൽ നിന്നും പിൻവാങ്ങിയതോടെ തമിഴ്‌നാട്ടുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ജാർഖണ്ഡുകാരും ഇവിടെ തൊഴിൽ ചെയ്യുന്നു.
തമിഴ്‌നാട്ടുകാരായ തൊഴിലാളികളുടെ മക്കൾ വഴിയാണ് മേഖലയിൽ കൊവിഡ് വ്യാപിച്ചതെന്നാണ് ആരോപണം. തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ ജോലി ചെയ്യുന്ന ഇവരെല്ലാം ഒരു മാസമായി ഇവിടെ എത്തിയിട്ട്. ജോലി സ്ഥലങ്ങളിൽ പരിശോധന നടത്തിയിട്ടുമില്ല. ലോക്ക് ഡൗണോടെ ലയങ്ങളിൽ ഒതുങ്ങിക്കൂടിയ തൊഴിലാളികളുടെ ജീവിതം ഭീഷണിമുനയിലാണ്.