ചാലക്കുടി: അതിരപ്പിള്ളിയിൽ ആദിവാസി കോളനികളെ കൊവിഡ് ബാധയിൽ നിന്നും സംരക്ഷിക്കുന്നതിന് വിവിധ വകുപ്പുകളുടെ നിതാന്ത ജാഗ്രത. നാട്ടുകാരുമായി കൂടുതൽ സമ്പർക്കമുള്ള വാഴച്ചാൽ കോളനിയിൽ മാത്രമാണ് രണ്ടാം ഘട്ടത്തിൽ കൊവിഡ് വൈറസ് എത്തിയത്.
വാഴച്ചാൽ ഒഴികെ പഞ്ചായത്തിലെ 13 ആദിവാസി കോളനികളിലും കൊവിഡ് ബാധിച്ചിരുന്നില്ല. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന വാഴച്ചാലിൽ രോഗ വ്യാപനത്തിന് കാരണങ്ങൾ പലതാണ്. വിനോദ സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങിയതും, ചാലക്കുടി നഗരവുമായുള്ള ആദിവാസികളുടെ സമ്പർക്കവുമാണ് ഇവിടെ വൈറസ് ബാധയ്ക്ക് ഇടയാക്കിയത്.
30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും രോഗമുക്തരായി. 24 കുടുംബങ്ങളുള്ള ഷോളയാറിൽ ഇക്കുറി രണ്ടുപേർക്ക് രോഗമുണ്ടായെങ്കിലും അവർ പുറത്തുള്ള ജോലിക്കാരാണ്. അടിച്ചിൽതൊട്ടി, അരേക്കാപ്പ്, വെട്ടിവിട്ടകാട് തുടങ്ങിയ മലക്കപ്പാറെ മേഖലയിലെ കോളനികളിൽ വനം വകുപ്പും ട്രൈബൽ ഡിപ്പാർട്ട്‌മെന്റും അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
ആനക്കയം, തവളക്കുഴിപ്പാറ, പൊരിങ്ങൽക്കുത്ത്, വാച്ചുമരം, മുക്കുംപുഴ, പൊലപ്പാറ എന്നീ കോളനികളിലും കനത്ത സുരക്ഷ നൽകുന്നുണ്ട്. ലോക്ക് ഡൗണിന് മുൻപ് തന്നെ വാഴച്ചാലിൽ വച്ച് പുറത്തു നിന്നുള്ളവരുടെ പ്രവേശനം തടഞ്ഞിരുന്നു. സിവിൽ സപ്ലൈ വകുപ്പിന്റെ വാഹനങ്ങൾ ഭക്ഷ്യ സാധനങ്ങളുമായി കോളനികളിൽ എത്തുന്നുണ്ട്.
ആരോഗ്യ വകുപ്പ് ജീവനക്കാരും സ്ഥിരമായി ആദിവാസി ഊരുകൾ സന്ദർശിക്കുകയും ചെയ്യുന്നു. ഇനിയൊരു കോളനികളിലേക്കും രോഗ ബാധയുണ്ടാകരുതെന്ന നിശ്ചയദാർഢ്യവുമാണ് പഞ്ചായത്ത് ഭരണ സമിതി പ്രവർത്തിക്കുന്നതെന്ന് പ്രസിഡന്റ് കെ.കെ. റിജേഷ് പറഞ്ഞു.