കുന്നംകുളം: കനത്ത മഴയിൽ ചൂണ്ടൽ പഞ്ചായത്തിൽ വ്യാപക കൃഷി നാശം. ചിറനെല്ലൂർ കരിമ്പനത്താൽ പാടശേഖരത്തിലാണ് പച്ചക്കറിക്കൃഷി നശിച്ചത്. ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലാണ് 30 ഏക്കറിലെ പച്ചക്കറിക്കൃഷി വെള്ളത്തിൽ മുങ്ങിയത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് വിപണിയില്ലാത്ത പ്രതിസന്ധിക്ക് പുറമെ മുഴുവൻ കൃഷിയും വെള്ളത്തിൽ മുങ്ങിയത് കർഷകർക്ക് ഇരുട്ടടിയായി. പുലിച്ചക്കാട്ട് ഹരിത സംഘത്തിന്റെ നേതൃത്വത്തിലാണ് 30 ഏക്കർ കൃഷിയിടത്തിൽ വെള്ളരി, പയർ, കുക്കമ്പർ, കുമ്പളം, മത്തൻ, കൊള്ളി, വെണ്ട, ചിരവയ്ക്ക, പടവലം തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്തിരുന്നത്. സ്ത്രീകളും കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ളവരും ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്.
കൃഷിയിടം പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ, വിളകൾ ചീയുന്ന സ്ഥിതിയാണുള്ളത്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് പച്ചക്കറികൾക്ക് വില കിട്ടാത്തതിനെ തുടർന്ന് ദുരിതത്തിലായിരുന്നു കർഷകർ. ഇതിനിടെയാണ് അപ്രതീക്ഷിതമായി ശക്തമായ മഴയെത്തിയത്. ഇതോടെ കർഷകർക്കുണ്ടായിരുന്ന ചെറിയ പ്രതീക്ഷ കൂടി തകർന്നിരിക്കുകയാണ്. വിളകൾക്ക് വില കിട്ടാതെ നട്ടം തിരിഞ്ഞ കർഷകർക്ക് നടുനിവർത്തണമെങ്കിൽ സർക്കാരിന്റെ സഹായം കൂടിയെ തീരൂ എന്നാണ് കർഷകരുടെ നിലപാട്.
പച്ചക്കറി പൂർണ്ണമായും നശിച്ച സാഹചര്യത്തിൽ പഞ്ചായത്തും, കൃഷിഭവനും ഇടപെട്ട് കർഷകർക്ക് സഹായം ലഭ്യമാക്കണം. കഴിഞ്ഞ വർഷവും മുൻകൂട്ടിയെത്തിയ കാലവർഷം കർഷകർക്ക് ദുരിതമായിരുന്നു.
- പരീത് (സെക്രട്ടറി ഹരിത സംഘം കൺവീനർ), എം.പി. ഹനീഫ