തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ മലയിലെ ഇരട്ട തുരങ്കപ്പാത ഈ വർഷം തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കമ്പനി. ഒരു തുരങ്കം ജൂലായ് ആദ്യവാരത്തോടെയും ഡിസംബറിൽ രണ്ടാമത്തേതും തുറക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇരുതുരങ്കങ്ങളിലൂടെയുമുള്ള ഗതാഗതം സാദ്ധ്യമാകും. ഹൈക്കോടതി മുമ്പാകെ നൽകിയ മറുപടിയിലാണ് നിർമ്മാണ കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു തുരങ്കം മാർച്ച് 31 ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കമ്പനി നേരത്തെ നൽകിയ ഉറപ്പ്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യവും പ്രതികൂല കാലാവസ്ഥയും മൂലം നിർമ്മാണം ഇഴയുകയായിരുന്നു. ജൂലായ് ആദ്യവാരത്തിൽ ഒരു തുരങ്കം പൂർത്തിയാകുമെങ്കിലും ഉടൻ ഗതാഗതത്തിന് തുറന്നുകൊടുക്കില്ല. ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ പരിശോധന പൂർത്തിയായ ശേഷമേ തുരങ്കം ഗതാഗതത്തിനായി തുറക്കൂ. ഈ തുരങ്കത്തിന് സമീപമുള്ള പാറക്കെട്ടുകൾ പൊട്ടിച്ച് നീക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.
തുരങ്കത്തിന് മുകളിൽ ഇരുമ്പ് ഗർഡറുകൾ ഉറപ്പിക്കുന്ന ജോലികളും നടന്നുവരുന്നുണ്ട്. ഒന്നാമത്തെ തുരങ്കത്തിലേക്കുള്ള പാലത്തിന്റേയും റോഡിന്റെയും നിർമ്മാണ പ്രവർത്തനം പൂർത്തിയായി കഴിഞ്ഞു. തുരങ്കത്തിനുള്ളിലെ ഇലക്ട്രിഫിക്കേഷനും പൂർത്തിയായി. ഇപ്പോഴത്തെ കുതിരാൻ പാതയിലെ ഗതാഗതം നിറുത്തിവെച്ചാൽ മാത്രമേ രണ്ടാമത്തെ തുരങ്കത്തിലേക്കുള്ള വഴിയുടെ നിർമ്മാണം പൂർത്തിയാക്കാനാകൂ. രണ്ടാമത്തെ തുരങ്കത്തിന് സമീപം കല്ല് പൊട്ടിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്. മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള ഭാഗത്ത് ഷോർട്ട് കോൺക്രീറ്റിംഗ് ചെയ്യുന്ന ജോലികളും നടന്നുവരുന്നുണ്ട്. രണ്ടാമത്തെ തുരങ്കമുഖത്തിൽ നിന്നും റിസർവോയറിന് കുറുകെയുള്ള മേൽപ്പാലം വരെ ടാറിംഗ് പൂർത്തിയായി.
ഒന്നാമത്തെ തുരങ്കത്തിലൂടെ വാഹനം കടത്തിവിടുമ്പോൾ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമ്മാണം തടസ്സപ്പെടാതിരിക്കാനാണ് പുതിയ റോഡ് നിർമ്മിച്ചത്. എന്നാൽ തുരങ്കത്തിനുള്ളിൽ നീർച്ചാലുകൾ രൂപപ്പെടുന്നതും വെള്ളം ഒലിച്ചിറങ്ങുന്നതും ഇപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നു. പ്രത്യേകം പൈപ്പുകൾ സ്ഥാപിച്ച് ഈ വെള്ളം പുറത്തേക്ക് കളയാനുള്ള സംവിധാനമൊരുക്കുന്നുണ്ട്. തുരങ്കപാത ആരംഭിക്കുന്ന ഭാഗത്ത് കൺട്രോൾ സ്റ്റേഷൻ തയ്യാറായിക്കഴിഞ്ഞു.
തുരങ്ക നിർമ്മാണം ബൂമർ ഉപയോഗിച്ച്
ബൂമർ ഉപയോഗിച്ചാണ് തുരങ്കത്തിന്റെ നിർമ്മാണം. ആർച്ച് മാതൃകയിൽ പാറ തുരന്ന് കുഴിയെടുത്ത ശേഷം വെടിമരുന്ന് നിറച്ച് സ്‌ഫോടനം നടത്തും. ഭൂകമ്പത്തെ ചെറുക്കുന്ന രീതിയിലാണ് തുരങ്കം സജ്ജമാക്കുന്നത്. നാലുവരിപ്പാതയുള്ള റോഡിന് സമമായിരിക്കും തുരങ്കത്തിന്റെ ഉൾവശം. തുരങ്കത്തിനുള്ളിൽ 10 സി.സി.ടി.വി കാമറകളുടെ നിരീക്ഷണമുണ്ടാകും. പൊടി വലിച്ചെടുത്ത് പുറത്തുകളയാനുള്ള ബ്‌ളോവറുകൾ ഇരുവശത്തും സ്ഥാപിക്കും. 450 മീറ്റർ പിന്നിട്ടാൽ ഇരുതുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാനും പദ്ധതിയുണ്ട്.
തുരങ്കം ഇങ്ങനെ
നീളം 920 മീറ്റർ
തുരങ്കമുഖം ഉൾപ്പെടെയുള്ള ദൂരം ഒരു കിലോമീറ്റർ
വീതി 14 മീറ്റർ
ഉയരം 10 മീറ്റർ.
തുരങ്കങ്ങൾ തമ്മിൽ അകലം 20 മീറ്റർ