തൃശൂർ: വീടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം തരംതിരിക്കുന്നതിന് തൃശൂർ കോർപറേഷന്റെ പുതിയ അജൈവമാലിന്യ ശേഖരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. പള്ളിക്കുളത്തിന് സമീപം 46 ലക്ഷം രൂപ ചെലവിൽ 3,900 സ്‌ക്വയർ ഫീറ്റിൽ ആധുനിക രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടെയാണ് അജൈവമാലിന്യ ശേഖരണ കേന്ദ്രം നിർമ്മാണം പൂർത്തീകരിച്ചത്.
കോർപറേഷൻ പരിധിയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന അംഗങ്ങൾ ശേഖരിച്ച് കൊണ്ടുവരുന്ന അജൈവമാലിന്യം വേർതിരിക്കുന്നതിനും പുന:ചംക്രമണം ചെയ്യുന്നതിനുമായി പള്ളിക്കുളത്തിന് സമീപമുള്ള പുതിയ യാർഡ് ഉൾപ്പെടെ കോർപറേഷൻ പരിധിയിൽ 15 യാർഡുകളിലായി 25,000 സ്‌ക്വയർ ഫീറ്റ് സ്ഥലം കോർപറേഷൻ സജ്ജമാക്കിയിട്ടുണ്ട്. അജൈവമാലിന്യ ശേഖരണ കേന്ദ്രം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജന്റെ അദ്ധ്യക്ഷതയിൽ മേയർ എം.കെ വർഗീസ് നാടിന് സമർപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള, കൗൺസിലർ എം.എൽ റോസി തുടങ്ങിയവർ സംസാരിച്ചു.