കൊടുങ്ങല്ലൂർ: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മരണസംഖ്യ വർദ്ധിച്ചതോടെ സ്വന്തം ജീവൻ പണയപ്പെടുത്തി സംസ്‌കാരം ഏറ്റെടുത്തു നടത്തുന്ന സംഘടനാ പ്രവർത്തകർ മാതൃകയാകുന്നു. കർശന കൊവിഡ് മാനദണ്ഡങ്ങളോടെയാണ് സംസ്‌കാരം. കൊവിഡ് മൃതദ്ദേഹം സംസ്‌കരിക്കാൻ പൊതുപ്രവർത്തകരും യുവജന സംഘടനകളുമാണ് മുന്നിട്ടിറങ്ങുന്നത്. ഇവരാകട്ടെ ജാതിയുടെയും മതത്തിന്റെയും വേർതിരിവ് ഇല്ലാതെയാണ് സേവകരാകുന്നത്. ഇവർ പാതിരാത്രിയിൽ വരെ സേവന സന്നദ്ധരാണ്.
കൊടുങ്ങല്ലൂരിലെ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ മേഖല കമ്മിറ്റി, കോട്ടപ്പുറം രൂപതയുടെ സന്നദ്ധ വിഭാഗം സമരിറ്റൻ ടീം, വിവിധ യുവജന സംഘടനകൾ എന്നിവരെല്ലാം കൊവിഡ് പിടിപെട്ട് മരണമടഞ്ഞവരുടെ സംസ്‌കാരത്തിന് മുൻകൈയെടുത്തു വരുന്നുണ്ട്. അഴീക്കോട് പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവർ കൊവിഡ് രോഗം മൂലം ഇന്നലെ മരണമടഞ്ഞിരുന്നു.
ഇത് ഉൾപ്പെടെ വിഖായ മേഖലകമ്മിറ്റി 40 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. ബന്ധുക്കളെല്ലാം രോഗബാധിതരോ അല്ലെങ്കിൽ അകലം പാലിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകൾ ഏറ്റെടുക്കുന്നത്. സേവന സന്നദ്ധരായ 15 പേരാണ് വിഖായയിലുള്ളത്. സമരിറ്റൻ ടീം ആദ്യ ഘട്ട കൊവിഡ് വ്യാപനത്തിൽ മരിച്ച 18 പേരെയും രണ്ടാം ഘട്ട രോഗ വ്യാപനത്തിൽ 35 മൃതദേഹങ്ങളുമാണ് സംസ്‌കരിച്ചത്.
കൊവിഡ് മൂലം മരണമടയുന്നവരുടെ സംസ്‌കാരചടങ്ങുകൾ നടത്തുകയെന്ന ദൗത്യം ശ്രമകരമാണെന്ന് പറയുന്നു.