കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തയിൽ നിയന്ത്രണവുമായി കൊടുങ്ങല്ലൂർ പൊലീസ്. കോട്ടപ്പുറം ചന്തയിൽ തിരക്ക് കൂടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റിയുമായി കൂടിയാലോചിച്ചാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇത് പ്രകാരം അന്യസംസ്ഥാനത്ത് നിന്ന് വരുന്ന ലോറി ഡ്രൈവർമാരും ക്ലീനർമാരും ചന്തയിൽ പ്രത്യേകം ഒരുക്കിയ മുറി വിശ്രമത്തിനായി ഉപയോഗിക്കണം. ഇവർ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്. ഹോൾസെയിൽ കച്ചവടക്കാർ മാത്രം ചന്തയിലെത്തി സാധനം വാങ്ങണം.

കടക്കാർ സാധനം വാങ്ങാൻ വരുമ്പോൾ അവരുടെ കടയുടെ ലൈസൻസ് കൈവശം കരുതണം. മതിയായ രേഖകളില്ലാതെ എത്തുന്നവർക്കും, മറ്റു കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടി എടുക്കുമെന്നും കൊടുങ്ങല്ലൂർ സി.ഐ സോണി മത്തായി പറഞ്ഞു.

കൊവിഡ് കാലത്ത് ആളുകൾ നിറഞ്ഞു കവിയുന്ന കോട്ടപ്പുറം ചന്ത പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുമെന്ന ആശങ്കയുയർന്നതിനെ തുടർന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. നിത്യോപയോഗ സാധനം വിൽക്കുന്നതിനും വാങ്ങുന്നതിനും നൽകിയ ഇളവ് ദുരുപയോഗം ചെയ്യുന്ന തരത്തിലാണ് ട്രിപ്പിൾ ലോക് ഡൗൺ നാളുകളിലും ചന്ത പ്രവർത്തിക്കുന്നത്. നാട് മുഴുവൻ അടച്ചിട്ട് കൊവിഡിനെ പ്രതിരോധിക്കുമ്പോൾ ഇളവുകളെ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പരാതി ഉയർന്നിരുന്നു.