കല്ലൂർ: കൊവിഡ് ബാധിച്ച് ഓക്‌സിജൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഓക്‌സിജന്‍ സൗകര്യം ഒരുക്കി യുവാക്കള്‍. കല്ലൂരിലെ യുവാക്കളുടെ കൂട്ടായ്മയായ സൗഹൃദ യുവസംഗമ പ്രവർത്തകരാണ് ഓക്‌സിജൻ സിലിണ്ടറുകൾ സജ്ജമാക്കിയത്. കൈവശമുള്ള ചെറുതും വലുതുമായ പതിനഞ്ചോളം സിലിണ്ടറുകളിൽ ഓക്‌സിജൻ നിറച്ച് കൊവിഡ് ബാധിച്ച് ശ്വാസം ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് എത്തിക്കുകയായിരുന്നു. ഓക്‌സിജൻ പ്ലാന്റുകളിൽ നിന്നും ഓക്‌സിജൻ നിറച്ച് കിട്ടാൻ ബുദ്ധിമുട്ടിയതിനാൽ തൃക്കൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ് കൊവിഡ് 19 ഓക്‌സിജൻ വാർ റൂമിലേക്ക് നൽകിയതിനെ തുടർന്നാണ് ഓക്‌സിജൻ ലഭ്യമായതെന്ന് സൗഹ്യദ യുവസംഗമം പ്രസിഡന്റ് പ്രീബനൻ ചുണ്ടേലപറമ്പിൽ പറഞ്ഞു. തൃക്കൂർ പഞ്ചായത്ത് സഞ്ജമാക്കിയിട്ടുള്ള ഡൊമിസിലറി കെയർ സെന്ററിലേക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഓക്‌സിജൻ ലഭ്യമാക്കുമെന്നും ഇവർ പറഞ്ഞു. 2012ൽ തുടക്കം കുറിച്ച കൂട്ടായ്മ അന്ന് മുതൽ ആശുപത്രി ഉപകരണങ്ങൾ നിർദ്ധന രോഗികൾക്ക് സൗജന്യമായി നൽകി രോഗികളുടെ കുടുംബങ്ങൾക്ക് ആശ്വാസമേകിയിട്ടുണ്ട്. അശോകൻ വടകൂടൻ, പ്രജേഷ് കരുമുത്തിൽ, പ്രജിത്ത്, ഹിരൺദാസ്, എവിൻ ബെന്നി, ജോജു ചാഴൂക്കാരൻ എന്നിവർ നേതൃത്വം നൽകിവരുന്നു. ഫോൺ: 8891113330, 755 889 5500.