ചേലക്കര: നാട്ടുകാരുടെ രാധേട്ടൻ എന്ന കെ. രാധാകൃഷ്ണനെ തേടി വീണ്ടുമൊരു മന്ത്രി പദം എത്തിയതിന്റെ ആഹ്‌ളാദത്തിലാണ് നാട്ടുകാർ. 1996ൽ കന്നി അങ്കത്തിൽ വിജയിച്ചെത്തിയപ്പോഴും രാധാകൃഷ്ണനെ കാത്തിരുന്നത് മന്ത്രി പദവിയായിരുന്നു. പിന്നീട് മൂന്നു തവണയും വിജയം കൊയ്‌തെടുത്ത രാധാകൃഷ്ണൻ സ്പീക്കറും ചീഫ് വിപ്പുമായി. 2016ൽ മത്സരത്തിൽ നിന്ന് മാറി പാർട്ടി ചുമതലയും കൃഷിയുമായി നിന്നിരുന്നു. ഒട്ടും പ്രതീക്ഷിക്കാതിരിക്കെയാണ് രാധാകൃഷ്ണന്റെ ഇത്തവണത്തെ സ്ഥാനാർത്ഥിത്വവും വൻ ഭൂരിപക്ഷത്തിലെ വിജയവുമെല്ലാം.
സ്ഥാനാർത്ഥിയായപ്പോൾത്തന്നെ രാധേട്ടന്റെ വിജയവും മന്ത്രിയാകുമെന്ന ഉറച്ച പ്രതീക്ഷയും നാട്ടുകാർക്ക് ഉണ്ടായിരുന്നു എന്നതാണ് വാസ്തവം . ചേലക്കര തോന്നൂർക്കര വടക്കേ വളപ്പിൽ കെ. രാധാകൃഷ്ണനെന്ന സൗമ്യഭാവം ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്ത് തോട്ടം തൊഴിലാളിയായ പരേതനായ എം.സി കൊച്ചുണ്ണിയുടേയും ചിന്നമ്മയുടേയും മകനായി 1964 മാർച്ച് 24നാണ് ജനിച്ചത്. പിന്നീട് തൃശൂരിലെ ചേലക്കരയിലെത്തിയ കുടുംബം തോന്നൂർക്കരയിൽ താമസമാക്കുകയായിരുന്നു.
യു.ഡി.എഫിന്റെ കൈയിലായിരുന്ന മണ്ഡലം പിടിച്ചെടുത്ത് 96ൽ ജയിച്ചു കയറിയ രാധാകൃഷ്ണനെ പിന്നീട് മണ്ഡലം കൈവിട്ടില്ല. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസനമെത്തിച്ച രാധാകൃഷ്ണനെ പിന്നീട് മൂന്ന് തവണയും ജയിപ്പിച്ചു. 2016 രാധാകൃഷ്ണന് പാർട്ടി കൂടുതൽ ഉത്തരവാദിത്വം നൽകിയ സമയത്ത് യു.ആർ പ്രദീപിനെ രംഗത്തിറക്കി മണ്ഡലം സുരക്ഷിതമാക്കി. ഇത്തവണ അപ്രതീക്ഷിതമായി കിട്ടിയ അവസരത്തിൽ തന്റെ മനസിലുള്ള പല സ്വപ്ന പദ്ധതികളും നടപ്പിലാക്കാനായാണ് രാധാകൃഷ്ണൻ മണ്ഡലത്തെ പ്രതിനിധീകരിക്കുക.