ചാലക്കുടി: പേരു പറയുമ്പോൾത്തന്നെ വായിൽ വെള്ളമൂറുന്ന കായ്കനിയാണ് മാങ്കോസ്റ്റിൻ. വിലയിലും കേമൻ തന്നെ. പറഞ്ഞിട്ടെന്തു കാര്യം, ഇവ ഇപ്പോൾ കണ്ടങ്കശനിയുടെ അപഹാരത്തിൽ പെട്ടിരിക്കുകയാണ്. ആദ്യം നിപ്പ, പിന്നെ പ്രളയം, പിന്നീട് കൊവിഡ് മഹാമാരിയും. ഇതൊക്കെ പ്രതികൂലമായി ബാധിച്ച കാർഷിക വിളകളുടെ പട്ടികയിൽ ഒന്നാം നിരക്കാരായി ഇവ മാറി.

ചാലക്കുടിയുടെ കിഴക്കൻ മേഖലയെ കീഴടക്കിയ മാങ്കോസ്റ്റിൻ കൃഷിത്തോട്ടങ്ങളിൽ നിന്നും കിലോയ്ക്ക് നാനൂറിലേറ രൂപയ്ക്കു കൊത്തി കൊണ്ടു പോയിരുന്നു ഏതാനും വർഷം മുമ്പുവരെ. റബ്ബറും ജാതിയുമൊക്കെ നട്ടെല്ലൊടിച്ച കർഷകർക്ക് പുത്തൻ പ്രതീക്ഷ നൽകുകയായിരുന്നു ഇന്തോന്വേഷ്യയിൽ നിന്നും ചേക്കേറിയ ഈ നാണ്യവിള. എന്നാൽ പിന്നീടെല്ലാം തകിടം മറിഞ്ഞു.

2017ൽ നിപ വൈറസായിരുന്നു ആദ്യ വില്ലൻമാർ. രോഗവാഹകരായി വവ്വാലുകൾ പഴി കേട്ടപ്പോൾ മാങ്കോസ്റ്റിൻ കയറ്റുമതിയെയാണ് പ്രതികൂലമായി ബാധിച്ചത്. അമ്പതും നൂറു രൂപയ്ക്ക് വിൽക്കേണ്ടി വന്നു. പലയിടത്തും വൻതോതിൽ പഴങ്ങൾ കുഴിച്ചുമൂടി. തുടർന്നു വന്ന പ്രളയവും ജനപ്രിയ ഫലത്തെ വെറുതെ വിട്ടില്ല. വിപണത്തിനായിരുന്നു തടസ്സം. കൊവിഡ് കാലവും പ്രതികൂലമായി ബാധിച്ചു. ജനുവരിയിൽ പൂത്തു തുടങ്ങുന്ന മാങ്കോസിറ്റിൻ മരങ്ങൾക്ക് ഇക്കുറി അപ്രതീക്ഷത ന്യൂനമർദ്ദം വെല്ലുവിളിയായി. ഒന്നിച്ചു കൊഴിഞ്ഞ പൂക്കൾ വീണ്ടും തളിർത്തത് രണ്ടുമാസംമുമ്പ്. ഫലശേഖരണം ആരംഭിച്ച ഘട്ടത്തിലാണ് ട്രിപ്പിൾ ലോക്ക് ഡൗണിന്റെ വരവ്.

പൂട്ടിയിടൽ തുടർന്നാൽ ഇവയുടെ വിപണനം എങ്ങിനെ നടത്താനാകുമെന്ന ആശങ്കയിലാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മാങ്കോസ്റ്റിൻ കൃഷി നടത്തുന്ന മൂത്തേടൻ ജോഫി. എട്ട് ഏക്കർ സ്ഥലത്ത് അഞ്ഞൂറോളം മാങ്കോസ്റ്റിൻ മരങ്ങളുണ്ട് ഇയാൾക്ക്. മകൻ ജെയ്‌ക്കോയാണ് ഇപ്പോഴത്തെ മേൽ നോട്ടക്കാരൻ. പ്രദേശത്തെ മറ്റു കർഷകരുടേയും കൃഷി വിളവെടുപ്പും കരാർ അടിസ്ഥാനത്തിൽ ഇവർ ഏറ്റെടുക്കുന്നു. ഇതിനു പുറമെ വിവിധ പഞ്ചായത്തുകളിലും ഇപ്പോൾ വ്യാപകമായി മാങ്കോസ്റ്റിൻ കൃഷി നടക്കുന്നുണ്ട്. ഇവരെല്ലാം ഇപ്പോൾ കനത്ത ആശങ്കയിലാണ്.