തൃശൂർ: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത ജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ എത്തിക്കാൻ നിയോഗിക്കപ്പെട്ട ആർ.ആർ.ടി കൾ (റാപ്പിഡ് റെസ്പോൺസ് ടീം ) ഓടി തളരുന്നു. ഓരോ വാർഡിലും 400 മുതൽ 600 വരെ ഉള്ള വീടുകൾ ആണ് ഉള്ളത്. എന്നാൽ ഇവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ 10 മുതൽ 15 വരെ ഉള്ള ആർ.ആർ.ടി കൾ മാത്രമാണ് ഉള്ളത്. കൂടാതെ ഇവരുടെ സഹായത്തിനു വാർഡ് തല ജാഗ്രത പ്രതിനിധികൾ ഉണ്ടെങ്കിലും അവർക്ക് പുറത്തിറങ്ങി സാധനങ്ങൾ വാങ്ങി നൽകാൻ കഴിയാത്ത അവസ്ഥയാണ്. ആർ. ആർ. ടി കാർക്ക് മാത്രമാണ് തിരിച്ചറിയൽ കാർഡ് നൽകിയിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണി വരെ മാത്രമേ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കുകയുള്ളു. അത് കൊണ്ടു തന്നെ നൂറു ക്കണക്കിന് പേരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത അവസ്ഥ ആണ് ഉള്ളത്.
സുരക്ഷാസംവിധാനം പരിമിതം
തങ്ങളുടെ സ്വന്തം വാഹനങ്ങളിൽ ഇന്ധനം നിറച്ചാണ് എല്ലാവരും കൊവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി സാമൂഹ്യ സേവന രംഗത്ത് ഇറങ്ങിയിരിക്കുന്നത്. എന്നാൽ ഇവർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ നൽകുന്നില്ലെന്ന പരാതി വ്യാപകമാണ്. ചിലയിടങ്ങളിൽ നാമ മാത്രമായ മാസ്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ നൽകിയിട്ടുണ്ടെങ്കിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഇതൊന്നും ഇല്ലാതെ ആണ് ഇവർ പ്രവർത്തിക്കുന്നത്. കൈകൾ ശുദ്ധീകരിക്കുന്നതിനുള്ള സാനിറ്റൈസർ പോലും ഇവർക്ക് നൽകുന്നില്ല. ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ വീടുകളിൽ പോലും ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുന്നത് ഇവർ ആണ്. കഴിഞ്ഞ ഒന്നര വർഷമായി സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇവർക്ക് വാക്സിൻ എടുക്കുന്ന കാര്യത്തിൽ ഇതു വരെയും മുൻഗണന ലഭിച്ചിട്ടില്ല.
ആർ.ആർ.ടിയുടെ ചുമതലകൾ
ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുക
ഐസോലേഷൻ സൗകര്യം ഏർപ്പെടുത്തുക
ആംബുലൻസ് സൗകര്യം ലഭിച്ചില്ലെങ്കിൽ കൊവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുക
ഓക്സിജൻ ലഭ്യത ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക
കൊവിഡ് രോഗികൾക്ക് ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുക.
പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്കൊപ്പം മറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാകണം