കടലോരത്ത് സ്ഥാപിച്ച ജിയോ ബാഗുകൾ തിരമാലകൾ അടിച്ച് ഒലിച്ചു പോയ നിലയിൽ
ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭത്തെ തുടർന്ന് ജിയോ ബാഗുകൾ തകർന്നു. കടൽ വെള്ളം കയറുന്നത് തടയാൻ ലക്ഷങ്ങൾ ചെലവാക്കി മണൽ നിറച്ച് നിരത്തിയ ജിയോ ബാഗുകളാണ് തിരമാലകൾ അടിച്ച് പരിസരം മുഴുവൻ പരന്നുകിടക്കുന്നത്. ജിയോ ബാഗുകൾ സ്ഥാപിക്കുമ്പോൾ അകൽച്ചയിൽ നിരത്തിയതാണ് കടൽ വെള്ളം അടിച്ചു കയറി റോഡും കവിഞ്ഞ് പോകാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. ജിയോ ബാഗുകൾ നീളത്തിൽ ഇടുകയാണെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. ഉദ്യോഗസ്ഥർ തകർന്നു കിടക്കുന്ന ജിയോ ബാഗുകൾ പരിശോധിച്ച് കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശാശ്വത പരിഹാരം കാണണമെന്ന് കടലോരവാസികൾ ആവശ്യപ്പെട്ടു.