minister
സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ലെ​ത്തി​യ​ ​നി​യു​ക്ത​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​അ​ഡ്വ.​ ​കെ.​ ​രാ​ജ​നെ​ ​ഷാ​ൾ​ ​അ​ണി​യി​ച്ച് ​സ്വീ​ക​രി​ക്കു​ന്ന​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​ ​വ​ർ​ഗീ​സ്.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​പി.​കെ.​ ​ഷാ​ജ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.

തൃശൂർ: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായപ്പോൾ ജില്ലയിൽ നിന്നുള്ളവർക്ക് ലഭിച്ചത് സുപ്രധാന വകുപ്പുകൾ. മുതിർന്ന സി.പി.എം നേതാവ് കെ. രാധാകൃഷ്ണനു പിന്നാക്ക ക്ഷേമ വകുപ്പിന് പുറമെ ദേവസ്വം വകുപ്പിന്റെയും പാർലിമെന്ററി കാര്യത്തിന്റെയും ചുമതല ലഭിച്ചു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റവന്യു വകുപ്പാണ് കെ. രാജന് നൽകിയത്. പുത്തൻ കാലഘട്ടത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയാണ് പ്രൊഫ. ആർ. ബിന്ദുവിനു ലഭിച്ചത്. ഇവർക്ക് പുറമെ പി. രാജീവിന്റെ മന്ത്രി സ്ഥാനവും ജില്ലയ്ക്ക് നേട്ടമാകും.


ദേവസ്വം വകുപ്പിൽ ഇടവേളയ്ക്ക് ശേഷം പിന്നാക്കക്കാരൻ

ഏറെക്കാലത്തിനു ശേഷം ദേവസ്വം വകുപ്പ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാൾക്ക് നൽകി. വകുപ്പ് വിഭജനത്തിന്റെ അവസാന ഘട്ടം വരെയും ദേവസ്വം മന്ത്രി സ്ഥാനത്തേക്ക് വി. ശിവൻകുട്ടിയുടെ പേരാണ് കേട്ടിരുന്നതെങ്കിലും ഒടുവിൽ രാധാകൃഷ്ണനെ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തോളമായി തിരുവിതാംകുർ, മലബാർ, കൊച്ചിൻ, ഗുരുവായൂർ, ഇരിങ്ങാലക്കുട തുടങ്ങിയ ദേവസ്വങ്ങളിലെ സി.പി.എം അനുകൂല സംഘടനയുടെ ചുമതല വഹിച്ചിരുന്നയാളാണ് രാധാകൃഷ്ണൻ.

ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പെടെ ഏറെ വിവാദം നിറഞ്ഞു നിൽക്കുന്ന വകുപ്പ് കൂടിയാണ് ഇതെന്നതും ശ്രദ്ധേയമാണ്. നേരത്തെ നായനാർ മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുള്ള രാധാകൃഷ്ണന് വകുപ്പിൽ രണ്ടാംമൂഴാമാണ്. പുതിയ മന്ത്രിസഭയിൽ സി.പി.എമ്മിൽ നിന്നുള്ള മന്ത്രിമാരിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ പരിചയ സമ്പന്നൻ കൂടിയാണ് അദ്ദേഹം.

സുപ്രധാന വകുപ്പിലേക്ക് കെ. രാജൻ

മുതിർന്ന സി.പി.ഐ നേതാവ് കെ.പി. രാജേന്ദ്രനു ശേഷം ജില്ലയിൽ നിന്ന് റവന്യു വകുപ്പ് ലഭിക്കുന്ന മന്ത്രിയാണ് കെ. രാജൻ. എൽ.ഡി.എഫിലെ രണ്ടാമൻ എന്ന വിശേഷണം നൽകാവുന്ന വകുപ്പ് കൂടിയാണിത്. കഴിഞ്ഞ തവണ വി.എസ്. സുനിൽകുമാറിന് കൃഷി വകുപ്പായിരുന്നു ലഭിച്ചത്.

പട്ടയ പ്രശ്‌നം ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്ന വകുപ്പ് കൂടിയാണിത്. കഴിഞ്ഞ അഞ്ചു വർഷത്തിനകം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയം നൽകിയ ജില്ലകളിലൊന്നാണ് തൃശൂർ. അതിൽ തന്നെ കൂടുതൽ കെ. രാജൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമായ ഒല്ലൂർ ആണ്. സമരമുഖങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന രാജൻ തുടർച്ചയായ രണ്ടാം തവണയും ഒല്ലൂരിൽ നിന്ന് വിജയിച്ചാണ് മന്ത്രി പദത്തിൽ എത്തുന്നത്. നിരവധി സീനിയർ നേതാക്കൾ ഉണ്ടങ്കിലും പ്രധാന വകുപ്പായ റവന്യൂ വകുപ്പ് ഈ 48 കാരനു നൽകുകയായിരുന്നു പാർട്ടി.


വിവാദ വകുപ്പിലേക്ക് ഉറച്ച മനസോടെ

ബന്ധു നിയമനവും മന്ത്രിയുടെ രാജിയും ഉൾപ്പെടെ ഏറെ വിവാദം നിറഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മന്ത്രിയായി ആർ. ബിന്ദുവിന്റെ ആദ്യ രംഗപ്രവേശം. രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായാണ് ബിന്ദു എത്തുന്നത്. തൃശൂർ മേയറായി അഞ്ചു വർഷക്കാലം പ്രവർത്തിച്ചതും പുതിയ സ്ഥാനലബ്ധിയിൽ കരുത്താകും.

ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് തന്നെയായിരുന്നു പൊതുവിദ്യാഭ്യാസത്തോടൊപ്പം ഉന്നത വിദ്യാഭ്യാസവും കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ഇതിൽ ഉന്നത വിദ്യാഭ്യാസം കെ.ടി. ജലീലിനു നൽകുകയായിരുന്നു.