തൃശൂർ: കൊടകരയിൽ നടന്ന പണം കവർച്ചാ സംഭവത്തിൽ ബി.ജെ.പിയെ കരിവാരിത്തേക്കാൻ സി.പി.എം നടത്തുന്ന ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ദിനംപ്രതി വരുന്ന തെറ്റായ പത്രവാർത്തകളെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാർ. പണം കവർച്ച നടത്തിയത് ബി.ജെ.പി നേതാക്കളുടെ ഗൂഢാലോചനയാണെന്ന പ്രചാരണം ആദ്യം നടത്തിയത് സി.പി.എം സംസ്ഥാന സെക്രട്ടറിയാണ്. പൊലീസ് അന്വേഷണം നടത്തി ഗൂഢാലോചന നടത്തിയവരെയും കൃത്യത്തിൽ പങ്കെടുത്തവരെയും മുഴുവൻ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടും കള്ളപ്രചരണത്തിൽ നിന്ന് സി.പി.എം പിന്മാറിയിട്ടില്ല. കൊടകര സംഭവത്തിൽ ബി.ജെ.പിയുടെ ഒരു നേതാവിനും പങ്കില്ലെന്ന് തൃശൂർ റൂറൽ എസ്.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും ചില സി.പി.എം കേന്ദ്രങ്ങൾ പൊലീസിലും മാദ്ധ്യമങ്ങളിലും ഉള്ള ചില ആളുകളെ ഉപയോഗിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അനീഷ്കുമാർ പറഞ്ഞു.