nai
ലോക്ക് ഡൗണിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന മൃഗസ്നേഹികൾ

ചേർപ്പ്: ലോക്‌ഡൗണിൽ അന്നം മുട്ടിയ തെരുവ് മൃഗങ്ങൾക്ക് ദിവസവും ഭക്ഷണവും പരിചരണവും നൽകി മാതൃകയാകുകയാണ് ചേർപ്പിലെ ഒരുകൂട്ടം മൃഗസ്‌നേഹികൾ. മാർക്കറ്റ്, കളിസ്ഥലങ്ങൾ, കടവരാന്തകൾ തുടങ്ങിയ സ്ഥലങ്ങളിൽ കഴിയുന്ന നായ്ക്കൾ, പൂച്ചകൾ എന്നിവയെ കണ്ടെത്തി ഭക്ഷണം നൽകും. ബീന രവീന്ദ്രൻ, കെ.ആർ മണികണ്ഠൻ, ഷക്കീർ ഊരകം, ബാബു ചെങ്ങാലൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.

മത്സ്യം, ഇറച്ചി, ചോറ്, പാൽ , ബിസ്‌കറ്റ് മുതലായവ ഒരോരുത്തരും സ്വന്തം വീടുകളിൽ നിന്ന് കൊണ്ടുവരും. കൂട്ടമായി കഴിയുന്ന നായ്ക്കൾക്ക് പല സ്ഥലങ്ങളിലായി ഭക്ഷണം വച്ച് നൽകുകയാണ് പതിവ്. പിന്നീട് ഒറ്റയ്ക്ക് കഴിയുന്നവയെ കണ്ടെത്തി അവർക്ക് പ്രത്യേകമായി നൽകും. കഴിഞ്ഞ ലോക്‌ഡൗൺ സമയത്തും സമാനമായ പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നു.

തൃശൂരിലും പരിസരങ്ങളിലുമായി അലഞ്ഞു തിരിയുന്ന നായ്ക്കൾക്ക് ഇവർ ഇപ്പോഴും ഭക്ഷണം നൽകാറുണ്ട്. പിന്നീട് സേവന സന്നദ്ധരായ ഒരുകൂട്ടം മൃഗ സ്‌നേഹികളുടെ നേതൃത്വത്തിൽ ഒരുമ എന്ന സംഘടന രൂപീകരിക്കുകയായിരുന്നു. ആദ്യം ഒരുപാട് പേർ സംഘടയിൽ സജീവമായിരുന്നെങ്കിലും ഇപ്പോൾ ആരും ഇല്ലാത്ത സ്ഥിതിയായി.

ജില്ലയിലെ പലയിടങ്ങളിൽ നിന്നായി കാണാതാകുന്ന നായ്ക്കളെ കണ്ടെത്തി ഉടമകൾക്ക് തിരിച്ച് ഏൽപ്പിക്കുക, പരിക്കേൽക്കുന്ന തെരുവ് നായ്ക്കൾക്ക് പരിചരണം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളും സംഘടനയുടെ നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. തൃശൂർ അനിമൽസ് അസോസിയേഷന്റെ സഹകരണവും നിർദ്ദേശങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്.