തൃശൂർ :ജില്ലയിലെ മരണ നിരക്ക് മറച്ചു പിടിച്ചു വീണ്ടും ആരോഗ്യ വകുപ്പ്. ഇന്നലെ ജില്ലയിൽ 2888 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 51 പേർ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ കൊവിഡ് പോർട്ടലിൽ ഇന്നലെ ആരും മരിച്ചിട്ടില്ല എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ്, വിവിധ സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് ഇത്രയും പേർ മരിച്ചിരിക്കുന്നത്. എന്നാൽ ഇത് മറച്ചു വെച്ചുള്ള കണക്കാണ് പുറത്ത് വിടുന്നത്. ജില്ലയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിവസവും 30 മുതൽ 60 വരെ പേർ ദിനം പ്രതി മരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെയ് 1 മുതൽ 13 വരെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 669 പേരായിരുന്നു. എന്നാൽ, സർക്കാർ വെബ്സൈറ്റിൽ വെറും 183 പേർ മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗികൾ കുറയുന്നു
ഇതിനിടെ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന്റെ ഗുണം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസം ആയി രോഗികളുടെ എണ്ണം മൂവായിരത്തിൽ താഴെ ആയിട്ടുണ്ട്. ഇന്നലെ 2888 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തെക്കാൾ കൂടുതൽ രോഗ മുക്തർ ഉണ്ടായി എന്നതും ആശ്വാസം ആയിട്ടുണ്ട്.
4844 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35,626 ആണ്. തൃശൂർ സ്വദേശികളായ 83 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,12,172 ആണ്. 1,75,354 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.03% ആണ്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, 9 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 191 പുരുഷന്മാരും 217 സ്ത്രീകളും പത്ത് വയസിനു താഴെ 118 ആൺകുട്ടികളും 102 പെൺകുട്ടികളുമുണ്ട്.