മാള: മകൻ പി. രാജീവ് മന്ത്രി പദത്തിലെത്തിയെങ്കിലും വീടും കൃഷിയും നാടും വിട്ട് മന്ത്രി മന്ദിരത്തിൽ സ്ഥിര താമസമെന്നത് ചിന്തിക്കാൻ പോലും കഴിയില്ല രാധയ്ക്ക്. പക്ഷേ സമരമുഖങ്ങളിൽ മകൻ സഹിക്കേണ്ടി വന്ന കൊടിയ മർദ്ദനങ്ങളുടെ ഓർമ്മകൾ ഇന്നും അവരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു.
പൊതുപ്രവർത്തന രംഗത്ത് പി. രാജീവിന് ഉറച്ച നിലപാടുകൾ ഉള്ളതുപോലെ ജീവിതത്തിലും കുടുംബ കാര്യത്തിലും കർശന നിലപാടുകൾ സ്വീകരിക്കുന്നയാളാണ് ഈ അമ്മ. കുടുംബവും കൃഷിയിടവും നാട്ടുകാരുമായി ആത്മബന്ധമുള്ള രാധയ്ക്ക് തറവാട്ടു വീട് വിട്ട് ഒരിടത്തും നിൽക്കാൻ കഴിയില്ല. എങ്കിലും മകനൊപ്പം ഇടയ്ക്കിടെ താമസിക്കും. ഇപ്പോൾ സത്യപ്രതിജ്ഞയ്ക്ക് പോകാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും രാധ കേരള കൗമുദിയോട് പറഞ്ഞു. കൊവിഡ് ബാധിച്ച ശേഷം നെഗറ്റീവായിട്ട് ഒമ്പത് ദിവസം മാത്രമേ കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ യാത്ര പ്രയാസമാകുമെന്നതിനാലാണ് പോകാതിരുന്നതെന്നും അവർ പറഞ്ഞു.
മർദ്ദനങ്ങൾ ഒരു പാട് ഏറ്റിട്ടുണ്ടെങ്കിലും അമ്മയെന്ന നിലയിൽ ഇന്നും മനസിൽ ഒരു മുറിവായി അശേഷിക്കുന്നത് പോളിടെക്‌നിക്കിൽ പഠിക്കുമ്പോൾ ഉണ്ടായ പൊലീസിന്റെ ക്രൂരമായ പീഡനമാണ്. പി. രാജീവിന്റെ അച്ഛൻ റവന്യൂ ഇൻസ്‌പെക്ടറായിരുന്ന പുന്നാടത്ത് വാസുദേവൻ 2000 മാർച്ച് 25 നാണ് മരിച്ചത്. മൂത്ത സഹോദരൻ സജീവ് മൂന്ന് വർഷം മുമ്പ് മരിച്ചു. സജീവിന്റെ മരണശേഷം വീട്ടിൽ തനിച്ചായിരുന്ന രാധ, ഇടയ്ക്കിടെ മകൾ സിന്ധുവിന്റെ വീട്ടിൽ താമസിക്കാറുണ്ട്. ഭർത്താവിന്റെ മരണ ശേഷം സജീവായിരുന്നു കൂട്ട്. ഭർത്താവും മകനും അന്തിയുറങ്ങുന്ന മണ്ണ് വിട്ട് സ്ഥിരമായി ഒരിടത്തേക്കും പോകാനാകില്ല. വീട്ടുജോലികൾ നോക്കുന്ന സമീപത്തുള്ള ഇന്ദിരയാണ് ഇപ്പോഴത്തെ കൂട്ട്. കുറച്ചുകാലം മുൻപ് വരെ നെൽക്കൃഷിയും പശുവും ഒക്കെയായി കഴിയുകയായിരുന്നു.
'കളമശേരി പോളിയിൽ കെമിക്കൽ എൻജിനിയറിംഗിന് പഠിക്കുന്ന സമയത്താണ് കൂത്തുപറമ്പ് വെടിവെയ്പ്പ് നടക്കുന്നത്. അതിനെതിരെ കെ. കരുണാകരനെ കരിങ്കൊടി കാണിക്കാൻ നേതൃത്വം നൽകിയത് രാജീവായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ മർദ്ദനത്തിൽ മൂന്ന് വാരിയെല്ലുകൾ തകർന്നു. ലത്തി തൊണ്ടയുടെ ഭാഗത്തേക്ക് തള്ളിക്കയറ്റി ചൂരൽ കൊണ്ട് അടിച്ച് ചോര ചീറ്റിയിട്ടും രാജീവ് മിണ്ടിയില്ല. പതിനഞ്ചാം ദിവസമാണ് സംസാരിച്ചത്. അതിനു ശേഷമാണ് തന്നെ സംഭവങ്ങൾ അറിയിച്ചത്. അതുവരെ വീട്ടിൽ നിന്ന് പത്രങ്ങൾ മാറ്റിയെന്നും ഭർത്താവ് എല്ലാദിവസവും ആശുപത്രിയിലെത്തി മകനെ കാണാറുണ്ടെങ്കിലും ഒന്നും പറഞ്ഞിരുന്നില്ല.
രാധ വാസുദേവൻ.