കുന്നംകുളം: ഇക്കുറിയും കുന്നംകുളത്തിന് മന്ത്രിയുണ്ട്, കോഴിക്കോട് ജില്ലയിലെ ബേപ്പൂരിൽ നിന്നും കന്നിയങ്കത്തിൽ വിജയിച്ച ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുഹമ്മദ് റിയാസ്. കുന്നംകുളം നിയോജക മണ്ഡലത്തിലെ കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് സ്വദേശിയാണു മുഹമ്മദ് റിയാസ്. പൊലീസിൽ ഉന്നത പദവി വഹിച്ച റിയാസിന്റെ പിതാവ് ജോലി സംബന്ധിയായി കോഴിക്കോട്ടേക്കു താമസം മാറുകയായിരുന്നു.
പിന്നീടു കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു റിയാസിന്റെ പ്രവർത്തനം. വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനത്തിലൂടെ അഖിലേന്ത്യാ നേതാവായ മുഹമ്മദ് റിയാസ് അധികാരമേൽക്കുമ്പോൾ ജന്മനാടായ പെരുമ്പിലാവും ആഹ്ലാദത്തിലാണ്. തിരക്കുകൾക്കിടയിലും തറവാട്ടിലെത്തി ബന്ധുക്കളെ കാണാനും സൗഹൃദം ഊട്ടിയുറപ്പിക്കാനും റിയാസ് പെരുമ്പിലാവിലെത്താറുണ്ട്.
സി.പി.എമ്മിന്റെയും, ഡി.വൈ.എഫ്.ഐയുടെയും കുന്നംകുളത്തെ നേതാക്കളുമായും അടുത്ത സൗഹൃദവുമുണ്ട്. റിയാസിന്റെ പിതൃസഹോദര പുത്രനാണ് കടവല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ മുഹമ്മദ് ഹാഷിം. മുഹമ്മദ് റിയാസിന്റെ വിവാഹച്ചടങ്ങിലെ മുഹമ്മദ് ഹാഷിമിന്റെ സാന്നിധ്യം വിവാദമായിരുന്നു.
വർഷങ്ങൾക്കുമുമ്പു കടവല്ലൂർ ഒറ്റപ്പിലാവിലുണ്ടായ രാഷ്ട്രീയ സംഘട്ടനത്തിൽ ആർ.എസ്.എസ്. പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ നടന്ന റിയാസിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഒന്നാം പിണറായി സർക്കാരിൽ കുന്നംകുളത്തിന് എ.സി. മൊയ്തീനിലൂടെ ലഭിച്ച മന്ത്രിപദവി പി.എ. മുഹമ്മദ് റിയാസിലൂടെ വീണ്ടുമെത്തുകയാണു കുന്നംകുളത്തേക്ക്.