കൊടുങ്ങല്ലൂർ: പിണറായി വിജയന്റെ രണ്ടാം എൽ.ഡി.എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിൽ ആഹ്ളാദം പ്രകടിപ്പിച്ച് സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫിന്റെ ഐതിഹാസിക വിജയത്തിന്റെ സ്മരണയ്ക്ക് ഒമ്പത് പാർട്ടി ബ്രാഞ്ചുകളിലായി 99 വൃക്ഷത്തെകളാണ് നട്ടുപിടിപ്പിച്ചത്. ഏരിയാ കമ്മിറ്റിയംഗവും നഗരസഭ വൈസ് ചെയർമാനുമായ കെ.ആർ. ജൈത്രൻ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.പി. പ്രഭേഷ്, എൽ.സി. അംഗങ്ങളായ ടി.കെ. മധു, വി. ശ്രീകുമാർ,​ നഗരസഭാ കൗൺസിലർമാരായ ചന്ദ്രൻ കളരിക്കൽ, ടി.കെ. ഗീത എന്നിവർ സ്വന്തം വീടുകളിൽ തൈകൾ നട്ട് പങ്കാളികളായി. വയലാർ, ശൃംഗപുരം, കാവിൽക്കടവ്, ചാത്തേടത്ത് പറമ്പ്, ടൗൺ, തിരുവള്ളൂർ, ആലേച്ചു പറമ്പ്, പറയംപറമ്പ്, ഉഴുവത്തു കടവ് എന്നീ ഒമ്പത് ബ്രാഞ്ചുകളിലും പാർട്ടി പ്രവർത്തകർ തൈകൾ നട്ട് പരിപാടിയിൽ പങ്കെടുത്തു.