കുന്നംകുളം: രാജ്യത്തെമ്പാടും ഓക്‌സിജൻ ക്ഷാമം രൂക്ഷമാകമ്പോൾ 24 മണിക്കൂറും പ്രാണവായു ലഭിക്കാനുള്ള കേന്ദ്രീകൃത സംവിധാനവുമായി കുന്നംകുളം ഗവ. ആശുപത്രി. ഓപറേഷൻ തിയേറ്ററിനടുത്തു പ്രവർത്തിക്കുന്ന സിലിണ്ടർ മുറിയിലെ മൂന്നു വലിയ ഓക്‌സിജൻ സിലിണ്ടറുകളിൽ നിന്നാണ് പൈപ്പ് വഴി വാർഡുകളിലേക്ക് എത്തിക്കുന്നത്.
ഒരു കുറ്റി അധികം സൂക്ഷിക്കാനും മീറ്റർ ഘടിപ്പിച്ചതിനാൽ അളവു കുറയുമ്പോൾ നിറയ്ക്കാനുള്ള സംവിധാനവുമുണ്ട്. മുണ്ടൂരിലെ സ്വകാര്യ കമ്പനിയിൽ നിന്നാണ് എല്ലാ ദിവസവും സുരക്ഷിതമായി ഓക്‌സിജൻ എത്തിക്കുന്നത്. പല ആശുപത്രികളിലും ക്ഷാമം രൂക്ഷമായിട്ടും കുന്നംകുളം ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമമില്ല.
കൊവിഡ് വാർഡ് ഒരുങ്ങുന്നു
എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് 90 കിടക്കകളോടെ കൊവിഡ് വാർഡ് സജീകരിക്കാനുള്ള പ്രവർത്തനം തുടങ്ങി. നിലവിലുള്ള 50 കിടക്കകൾക്കു പുറമെ 40 പുതിയ കിടക്കകൾ ഉൾപ്പെടെയാണ് വാർഡ് സജ്ജീകരിക്കുന്നത്. ഒരാഴ്ച കൊണ്ട് വാർഡ് പ്രവർത്തനക്ഷമമാകും. എല്ലാ കിടക്കകൾക്കും ഓക്‌സിജൻ സൗകര്യം ഒരുക്കും. ഇതിനായി പുതിയ പൈപ്പ്‌ലൈൻ വലിക്കുന്ന ജോലികൾ തുടങ്ങി. നഗരസഭയ്ക്കാണു മേൽനോട്ടം.
24x7 സേവനം
ആരോഗ്യപ്രവർത്തകരുടെ സേവനം മുഴുവൻ സമയവും ലഭിക്കുന്ന രീതിയിലാണ് ആശുപത്രിയുടെ പ്രവർത്തനം. താലൂക്ക് ആശുപത്രി പദവിയുള്ള ആശുപത്രിയിൽ കിഫ്ബിയുടെ സഹായത്തോടെ പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളും സജ്ജമാകുന്നതോടെ ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നായി ഇതു മാറും.
മൂന്നു വെന്റിലേറ്ററുകളിൽ രണ്ടെണ്ണം പ്രവർത്തന സജ്ജമാണ്. ഒരെണ്ണം പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇക്കാര്യത്തിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അടിയന്തര ഇടപെടൽ നടത്തുന്നുണ്ട്
- ആശുപത്രി അധികൃതർ