പാവറട്ടി: പെരുവല്ലൂർ - പരപ്പുഴ പാലം നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച സമാന്തര റോഡ് പൊളിച്ചതിൽ ജനങ്ങൾക്ക് ദുരിതം. പുവ്വത്തൂർ അമല റോഡിൽ അശാസ്ത്രീയമായി പാലം നിർമ്മിച്ചതാണ് പൊളിക്കാൻ കാരണം.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കനത്ത മഴയെ തുടർന്ന് തൊട്ടടുത്ത എളവള്ളി പഞ്ചായത്തിലെ വീടുകളിൽ വെള്ളക്കെട്ട് ഉണ്ടാകുമെന്നതിനാലാണ് പൊളിച്ചത്. സമാന്തര റോഡിന്റെ നടുഭാഗം രണ്ടു മീറ്ററിലധികം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയാണ് പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയത്.
അന്നകര, പേനകം, എലവത്തൂർ, ഊരകം, മതൂക്കര തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങളാണ് സമാന്തര റോഡ് പൊളിച്ചതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പരപ്പുഴ പാലത്തിന് 300 മീറ്റർ അകലെയുള്ള അന്നകര സർവീസ് സഹകരണ സംഘത്തിെലെത്താൻ ഇപ്പോൾ അന്നകര കോക്കൂർ റോഡ് വഴി പെരുവല്ലൂർ വരെ അഞ്ച് കിലോമീറ്റർ യാത്ര ചെയ്യണം.
മഴക്കാലമായാൽ കാർഷിക മേഖലയായ പാടത്തിന്റെ നടുവിലൂടെ പോകുന്ന ഫാം റോഡിലും വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. ഇതിലൂടെയാണ് ഇപ്പോൾ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നത്. പെരുവല്ലൂരിൽ നിന്നും ഈ റോഡിലൂടെ വാഹനങ്ങൾ തിരിഞ്ഞു പോകണമെന്നുള്ള ദിശാബോർഡ് സ്ഥാപിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
മുല്ലശ്ശേരി പേനകം നിവാസികൾ അവശ്യ സാധനങ്ങൾ വാങ്ങുന്നതും പെരുവല്ലൂരിൽ നിന്നാണ്. സമാന്തര റോഡ് പൊളിച്ചതോടെ ഇതിനും തടസമാകുന്നുണ്ട്. ട്രിപ്പിൾ ലോക്ക് ഡൗൺ ആയതിനാൽ പൊളിച്ച സമാന്തര റോഡിന്റ വശങ്ങളിലെ തെങ്ങിൻ തടികളിൽ കെട്ടിയിരിക്കുന്ന ഒറ്റ മരത്തടിയിലൂടെ സാഹസികമായി നടന്നാണ് വാർഡിലെ ആർ.ആർ.ടിമാർ സാധനങ്ങൾ എത്തിക്കുന്നത്.
ഏറ്റവും കൂടുതൽ വാഹനങ്ങൾ യാത്ര ചെയ്യുന്ന അമല - പറപ്പൂർ റോഡിലൂടെ തൃശൂർ എത്താൻ എളുപ്പറോഡാണ് പരപ്പുഴ പാലം. ജനങ്ങൾക്ക് ഉപകാരമായ രീതിയിൽ പുഴയിലൂടെ വെള്ളത്തിന് ഒഴുകിപ്പോകാൻ സാദ്ധ്യമാകുന്ന സമാന്തര റോഡ് കാലവർഷത്തിനു മുമ്പ് പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.