കൊടുങ്ങല്ലൂർ: ട്രിപ്പിൾ ലോക്ക്ഡൗണിനിടയിലും നിയന്ത്രണാതീതമായ തിരക്കനുഭവപ്പെട്ടെന്ന പരാതിയെ തുടർന്ന് നഗരസഭാ അധികൃതർ കോട്ടപ്പുറം മാർക്കറ്റിൽ ഇന്നലെ രാവിലെ സന്ദർശനം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് മാർക്കറ്റിൽ പരിശോധനക്കെത്തിയത്.

സർക്കാർ നിർദ്ദേശമനുസരിച്ച് പലവ്യഞ്ജന കടകളാണ് ഇന്നലെ തുറന്നത്. ഉച്ചക്ക് ഒരു മണി വരെയാണ് ഇവ പ്രവർത്തിച്ചത്. കഴിഞ്ഞ ദിവസം മാർക്കറ്റിൽ വ്യാപകമായ തിരക്കുണ്ടായിരുന്നതായും പ്രോട്ടോക്കോൾ ലംഘനമുണ്ടായിരുന്നതായും പറയുന്നു. അതിനെ തുടർന്ന് പൊലീസെത്തിയാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. എല്ലാവരും മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നു. കടകളിൽ പരിമിതമായ ആളുകൾ മാത്രമാണുണ്ടായതെങ്കിലും പല കടകളിലും സാനിറ്റൈസർ വച്ചിരുന്നില്ല. ആ കടകളിൽ അവ ലഭ്യമാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ മറ്റ് കടകൾ പരിശോധിച്ചത്.

അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും ജനങ്ങൾക്ക് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ചന്ത ദിവസങ്ങളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയതായും ചെയർമാനും വൈസ് ചെയർമാനും അറിയിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ, ഹെൽത്ത് സൂപ്പർവൈസർ കെ.വി ഗോപാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അക്വിലിൻ, സിനി എന്നിവർ സംഘത്തിലുണ്ടായിരുന്നു.