മുപ്ലിയം: പിടിക്കപറമ്പിലെ ഫാമിൽ അതിക്രമിച്ചു കയറി ആട്ടിൻകുട്ടികളെ കൊന്ന കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട പ്രതിയെ പാലക്കാട് ആലത്തൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി ഉമേഷ് ഹസ്ദയാണ് (32) മരിച്ചത്. ഫാം ഉടമയും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.

പൊലീസ് അന്വേഷണത്തിൽ ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് ഉമേഷ് ഹസ്ദയെ ആലത്തൂരിലുള്ള സുഹൃത്തുക്കളുടെ അടുത്തെത്തിച്ചത്. ഇന്നലെയാണ് ആലത്തൂരിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷമായി തൃശൂരിലെ വെള്ളാരംപാടത്തുള്ള ഫാമിലെ തൊഴിലാളിയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഫാമിൽ അതിക്രമിച്ച് കയറി ആട്ടിൻകുട്ടികളെ കൊന്നത്.