തൃശൂർ: കൊവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്നതിന് കോർപറേഷൻ ഡ്രോൺ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സാനിറ്റൈസേഷൻ ആരംഭിച്ചു. കോർപറേഷൻ പരിധിയിൽ കൂടുതൽ ആയി ജനങ്ങൾ വന്നു പോകുന്ന ഇടങ്ങളായ വടക്കെ ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ്, മാർക്കറ്റുകൾ, കോർപറേഷൻ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടം ഈ പദ്ധതി നടപ്പിലാക്കുന്നത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗരുഡ എയറോസ്‌പേസ് എന്ന സ്ഥാപനമാണ് സൗജന്യമായി കോർപറേഷനു വേണ്ടി സാനിറ്റൈസേഷൻ നടത്തി തരുന്നത്. 12 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുള്ള ഡ്രോൺ ഉപയോഗപ്പെടുത്തി കൂടുതൽ പ്രദേശം കുറഞ്ഞ സമയം കൊണ്ട് സാനിറ്റൈസേഷൻ ചെയ്യാൻ സാധിക്കും. അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപ്പോക്ലോറൈഡും സിൽവർ നൈട്രേറ്റ് ലായനിയുമാണ് ഉപയോഗിക്കുന്നത്. ശക്തൻ നഗറിലെ ബസ് സ്റ്റാൻഡിൽ മേയർ എം.കെ. വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഈ സംരംഭത്തിന് തുടക്കം കുറിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗ്ഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, കൗൺസിലർമാരായ സി.പി. പോളി, പൂർണ്ണിമ സുരേഷ്, സെക്രട്ടറി വിനു.സി.കുഞ്ഞപ്പൻ, അഡീഷണൽ സെക്രട്ടറി അരുൺകുമാർ വി.സി. എന്നിവർ പങ്കെടുത്തു. കേരളത്തിൽ ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള അണുനശീകരണം.