കൊടുങ്ങല്ലൂർ: കൗൺസിലിൽ പരിഗണിക്കേണ്ട ജീവനക്കാരുടെ നിയമനം സംബന്ധിച്ച അജണ്ട അടിയന്തര കൗൺസിലിലൂടെ പാസാക്കാൻ നടത്തിയ ശ്രമം പ്രതിപക്ഷം എതിർത്തിട്ടും പാസാക്കിയതായി പ്രഖ്യാപിച്ച ചെയർപേഴ്‌സൺ തൽസ്ഥാനം രാജിവച്ച് ഒഴിയണമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ചെയർപേഴ്‌സണിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ 21 ബി.ജെ.പി കൗൺസിലർമാരും ഏക കോൺഗ്രസ് കൗൺസിലറും രേഖാമൂലം വിയോജനക്കുറിപ്പ് നൽകി.
കൗൺസിലർമാർക്ക് വിഷയങ്ങൾ അവതരിപ്പിക്കാൻ സാധാരണ കൗൺസിൽ വിളിച്ചു ചേർക്കാതെ വേണ്ടപ്പെട്ടവരെ നിയമിക്കാൻ അടിയന്തര കൗൺസിലിനെ മറയാക്കാനുള്ള ചേർപേഴ്‌സണിന്റെ ശ്രമമാണ് ബി.ജെ.പി കൗൺസിലർമാരുടെ സംയോജിതമായ ഇടപെടൽമൂലം ഒഴിവായതെന്ന് യോഗം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി എൽ.കെ മനോജ്, അഡ്വ. ഡി.ടി വെങ്കിടേശ്വരൻ, കെ.ആർ വിദ്യാസാഗർ, കെ.എസ് ശിവറാം, രശ്മി ബാബു തുടങ്ങിയവർ പങ്കെടുത്തു.