തൃപ്രയാർ: കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകൾക്ക് സഹായവുമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്. കൊവിഡ് പ്രതിരോധ മരുന്നും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകൾക്കും നൽകി. പത്ത് ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണമടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയത്. ബ്ലോക്കിന് കീഴിലെ രണ്ട് ആശുപത്രികൾക്ക് ആവശ്യമായ മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. അഞ്ച് പഞ്ചായത്തുകൾക്കുമായി രോഗികളെ കൊണ്ടു പോകുന്നതിനായി ഓക്സിജൻ അടക്കമുള്ള കൊവിഡ് എമർജൻസി ആംബുലൻസ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയും നൽകി. കൂടാതെ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കും പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണിലേക്ക് പലവ്യഞ്ജനങ്ങൾ വാങ്ങുന്നതിനായി 25,000 രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് നൽകും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ് കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി പ്രസാദ് അദ്ധ്യക്ഷനായി.
വാടാനപ്പിള്ളി : മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം ഇടശേരി ബീച്ചിലെ സുനാമി കോളനിയിൽ നാൽപത് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. സമിതിയുടെ സെക്രട്ടറി സജിനാ പർവ്വിൻ, ചെയർമാൻ പ്രേംലാൽ വലപ്പാട്, ബിജോഷ് ആനന്ദൻ, മണി നാട്ടിക, സീമാരാജൻ എന്നിവർ സംസാരിച്ചു.
വലപ്പാട്: പഞ്ചായത്ത് പത്താം വാർഡിൽ പ്രവർത്തിക്കുന്ന മഞ്ജീരം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അംഗങ്ങളിൽ നിന്നും സമാഹരിച്ച 8500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സി.സി മുകുന്ദൻ എം.എൽ.എ തുക സ്വീകരിച്ച് സർട്ടിഫിക്കറ്റ് സി.ഡി.എസ് ലത കിഷോറിന് നൽകി. വാർഡ് മെമ്പർ മണി ഉണ്ണിക്കൃഷ്ണൻ, മഞ്ജീരം സെക്രട്ടറി വസന്ത ദേവലാൽ, പ്രസിഡന്റ് പ്രിയ സന്തോഷ്, മഞ്ജീരം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.