കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിൽ ഈ വർഷം പുതുതായി 5 കോടിയുടെ വിവിധ വികസന പദ്ധതികൾ കൂടി നടപ്പിലാക്കുന്നതിന് ഓൺലൈനിൽ ചേർന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകി. കഴിഞ്ഞ മാർച്ചിൽ നഗരസഭ തയ്യാറാക്കിയ വാർഷിക പദ്ധതിക്ക് സർക്കാർ നൽകിയ അനുമതിക്ക് പുറമെയാണ് നഗരസഭ ഇപ്പോൾ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് ആയി ലഭിച്ച 4.997 കോടിയുടെ പദ്ധതികൾ കൂടി തയ്യാറാക്കി സമർപ്പിച്ചത്. ഇതിൽ ശുചിത്വം, മാലിന്യ സംസ്കരണ പദ്ധതികൾക്കായി 1.41 കോടിയുടെ പദ്ധതികൾ ജില്ലാ ആസൂത്രണ സമിതിക്ക് അംഗീകാരത്തിനായി നൽകി. വീടുകൾക്ക് 100 ബയോഗ്യാസ് പ്ലാന്റ് വിതരണം, 2600 ബയോ കം പോസ്റ്ററുകൾ, നഗരസഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ എയറോബിക്ക് കംപോസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ, 23 സ്കൂളുകളിലായി കളക്ടേഴ്സ് അറ്റ് സ്കൂൾ ബിന്നുകൾ സ്ഥാപിക്കൽ എന്നീ പദ്ധതികൾ ഇതിൽ ഉൾപ്പെടും. മെറ്റിരിയൽ കളക്‌ഷൻ ഫെസിലിറ്റി സെന്റർ 22 എണ്ണവും ചാപ്പാറയിലും നാരായണമംഗലത്തും രണ്ട് ആർ.ആർ.എഫ്. സെന്ററുകളും നിർമ്മിക്കുന്നതിന് 10.76 ലക്ഷത്തിന്റെ പദ്ധതികളും ആവിഷ്കരിച്ചു. നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ആർ ജൈത്രൻ, കെ.എസ് കൈസാബ്, ഡി.ടി. വെങ്കിടേശ്വരൻ, രവീന്ദ്രൻ നടുമുറി , പി.എൻ വിനയചന്ദ്രൻ, ടി.എസ്. സജീവൻ , മുനിസിപ്പൽ സെക്രട്ടറി എസ്. സനൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മറ്റ് പദ്ധതികൾ ഇവ
ശ്രീകാളീശ്വരി തിയേറ്ററിന് കിഴക്ക് ഭാഗം കാന നിർമ്മിക്കാൻ 26 ലക്ഷം
മലിന ജല സംസ്ക്കരണത്തിനും കക്കൂസ് മാലിന്യസംസ്ക്കരണത്തിനും പദ്ധതി
താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് 20 ലക്ഷം രൂപ
പാലിയേറ്റിവ് കെയർ പദ്ധതിക്ക് 17 ലക്ഷം
ജീവിത ശൈലി രോഗ ചികിത്സയ്ക്ക് 2 ലക്ഷം
പുല്ലൂറ്റ് 13-ാം വാർഡിൽ പ്രാദേശിക കുടിവെളള പദ്ധതി പ്രകാരം ഗാർഹിക കണക്ഷൻ ( 53 ലക്ഷം ചെലവ്)
പുതിയ വൈദ്യുതിലൈൻ വലിക്കുന്നതിനും ലൈറ്റുകൾ ഇടുന്നതിനും 35 ലക്ഷം
വാർഡുകളിലെ വീടുകൾ, അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കുന്ന ജി.ഐ.എസ്. മാപ്പിംഗ് പദ്ധതിക്ക് 40 ലക്ഷം