കൊടുങ്ങല്ലൂർ: നഗരസഭ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബി.ജെ.പി - കോൺഗ്രസ് കൗൺസിലർമാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം ഓൺലൈനിൽ ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിലാണ് ബി.ജെ.പി കൗൺസിലർമാർ അജണ്ടയിൽ വിയോജനക്കുറിപ്പ് നൽകി അജണ്ടയെ അട്ടിമറിച്ചത്.
ബി.ജെ.പിക്ക് പിന്തുണ നൽകിയ ഏക കോൺഗ്രസ് കൗൺസിലർ ഇടതുപക്ഷ കൗൺസിലിന്റെ കൊവിഡ് പ്രതിരോധ, മാലിന്യ ശുചീകരണ പ്രവർത്തനങ്ങളെ തകർക്കാൻ കൂട്ടുകൂടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊവിഡ് രോഗികളുടെ സംരക്ഷണത്തിനും, പ്രതിരോധ പ്രവർത്തനങ്ങൾക്കും, മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിനുമായി അടിയന്തരമായി താത്കാലിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വിഷയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു.
അത്യാവശ്യ ഘട്ടത്തിലാണ് അടിയന്തര കൗൺസിൽ വിളിച്ച് ഈ അജണ്ട അംഗീകാരത്തിനായി ഉൾപ്പെടുത്തിയത്. എന്നാൽ ബി.ജെ.പി കൗൺസിലർമാർ അജണ്ടയെ ശക്തമായി എതിർത്ത് വിയോജനക്കുറിപ്പ് നൽകുകയായിരുന്നു. ഏക കോൺഗ്രസ് അംഗം കൗൺസിലിൽ അജണ്ടയെ എതിർക്കാതെ പുറത്ത് വന്ന് ബി.ജെ.പി കൗൺസിലർമാരോടൊപ്പം ചേർന്ന് വിയോജനക്കുറിപ്പ് നൽകുകയായിരുന്നു.
നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള പ്രതിപക്ഷ ശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കളായ കെ.എസ് കൈസാബ്, സി.കെ രാമനാഥൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.