ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എ ടി.ജെ. സനീഷ്‌കുമാറും ഉദ്യോസ്ഥരും സ്ഥലം സന്ദർശിക്കുന്നു
ചാലക്കുടി: നാലു മാസത്തിനുള്ളിൽ താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് നിർമ്മിക്കുമെന്ന് ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ പറഞ്ഞു. കാത്തലിക് സിറിയൻ ബാങ്കിന്റെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ചായിരിക്കും ഒന്നേ കാൽ കോടി രൂപ ചെലവിൽ പ്ലാന്റ് നിർമ്മിക്കുക. താലൂക് ഡെപ്യൂട്ടി ഡി.എം.ഒ സതീഷ്, ഓക്‌സിജൻ എൻജിനിയർ ഫ്രാൻസിസ് നീലങ്കാവിൽ എന്നിവരോടൊപ്പം ആശുപത്രി സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം നിലവിൽ ഓക്‌സിജൻ യൂണിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തു തന്നെ പ്ലാന്റ് സ്ഥാപിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിനുള്ള സാധ്യതകൾ പഠിക്കുന്നതിനായാണ് ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രി സന്ദർശിച്ചത്.
തുടക്കത്തിൽ 12 സിലിണ്ടറുകൾ മാത്രമുണ്ടായിരുന്ന താലൂക്ക് ആശുപത്രിയിൽ 100ൽ അധികം സിലിണ്ടറുകൾ ഉണ്ടെങ്കിലും ഓക്‌സിജൻ നിറച്ചു കിട്ടുന്നതിന് കാലതാമസം നേരിട്ടിരുന്നു. കൂടുതൽ കൊവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കണമെങ്കിൽ കൂടുതൽ ഓക്സിജൻ ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് എം.എൽ.എയുടെ ഇടപെടൽ. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എ. ഷീജ എന്നിവർ സംബന്ധിച്ചു.