lorry
മുരിങ്ങൂർ ദേശീയപാതയോരത്ത് കിടക്കുന്ന കണ്ടെയ്നർ ലോറി

ചാലക്കുടി: അഞ്ചുമാസക്കാലം വെള്ളത്തിൽ കിടന്ന് ഏറെ വിവാദത്തിന് ഇരയായ കണ്ടെയ്‌നർ ലോറി ഇനി ഭീഷണിയാകുന്നത് ദേശീയ പാതയിലെ വാഹന ഗതാഗതത്തിന്. ചാലക്കുടിപ്പുഴയിൽ നിന്നും കയറ്റിയ കണ്ടെയ്‌നർ ഇപ്പോൾ ഇട്ടിരിക്കുന്നത് മുരിങ്ങൂരിലെ ദേശീയ പാതയോരത്ത്. പുഴയിൽ കിടക്കവെ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന ആശങ്കയായിരുന്നു. ഇനിയാകട്ടെ റോഡപകടത്തിനും സാധ്യതയായി. വേണ്ടത്ര വീതിയില്ലാത്തതും വളവുള്ളതുമായ ഭാഗത്തു കിടക്കുന്നതിനാൽ അപകടത്തിന് ഇടയാക്കുമെന്നാണ് ഭയപ്പെടുന്നത്.

ഇവിടെ റോഡരികൽ ലോറികൾ പാർക്ക് ചെയ്യുന്നത് നിമിത്തം നേരത്തെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്‌. ലോക്ക് ഡൗൺ ആയതിനാൽ ഇപ്പോൾ നിരത്തിൽ വാഹനങ്ങൾ കുറവാണ്. എന്നാൽ വരും ദിവസങ്ങളിൽ സ്ഥിതി ഇങ്ങിനെയാകില്ല. നീളം കൂടിയ കണ്ടെയ്‌നർ ഇനി അപകടങ്ങൾക്ക് ഹേതുവാകുമെന്നാണ് നാട്ടുകാർ പറയുന്നത്. 2020 ഡിസംബർ 3നാണ് ചാലക്കുടിപ്പാലത്തിന് മുകളിൽ നിന്നും നിയന്ത്രണം തെറ്റി കണ്ടെയ്‌നർ പുഴയിലേക്ക് പതിച്ചത്. ഏറെ വിവാദങ്ങൾക്ക് ശേഷം മേയ് 14ന് ഇതു കരയ്‌ക്കെടുക്കുകയായിരുന്നു.

....................................................

ലോറി ഏറ്റെടുക്കേണ്ടത് ഉടമ

നിരത്തിൽ കിടക്കുന്ന ലോറി ഏറ്റെടുക്കേണ്ടത് അതിന്റെ ഉടമയാണ്. പുഴയിൽ നിന്നും ഇവ പുറത്തെടുത്തതിന് ചിലവായ തുക റവന്യൂ വിഭാത്തിന് നൽകിയാലെ ഇതു വിട്ടുകൊടുക്കയുള്ളു. ഉടമ ഏറ്റെടുത്തില്ലെങ്കിൽ ജില്ലാ ഭരണകൂടത്തിന് ബാധ്യതയായി മാറും.