തൃശൂർ: കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിൽ കാറിലുണ്ടായിരുന്നത് മൂന്നര കോടി രൂപയാണെന്ന് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, കോഴിക്കോട് സ്വദേശി ധർമ്മരാജ് എന്നിവർ അന്വേഷണ സംഘത്തിന് മൊഴി നല്‌കി.
ഇന്നലെ ഇവരെ തൃശൂരിൽ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്.
പണം കർണ്ണാടകത്തിൽ നിന്ന് എത്തിയതാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ കൂടുതൽ കാര്യങ്ങളും രാഷ്ട്രീയ ബന്ധവും വ്യക്തമാകാനാണ് ഇരുവരെയും ചോദ്യം ചെയ്തത്.
പണത്തിന് രേഖകൾ ഇല്ലാത്തതിനാലാണ് പരാതിയിൽ 25 ലക്ഷമെന്ന് പറഞ്ഞതെന്ന് ധർമ്മരാജ് പൊലീസിനോട് സമ്മതിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട് ഇവർ പറഞ്ഞ ചില നേതാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാവും. പ്രതികളുമായി ബന്ധമുള്ളവരെയും ചോദ്യം ചെയ്യും. പണം ആർക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും.
സുനിൽ നായിക്കിനെയും ധർമ്മരാജിനെയും ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയും പിന്നീട് ഉച്ചകഴിഞ്ഞും ഇരുവരെയും രഹസ്യ കേന്ദ്രത്തിൽ വച്ചാണ് ചോദ്യം ചെയ്തത്. വാഹനാപകടമുണ്ടാക്കി കാറിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ധർമ്മരാജ് ഡ്രൈവർ ഷംജീറിന്റെ പേരിൽ കൊടകര പൊലീസിന് പരാതി നൽകിയത്.
ബി.ജെ.പി തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ച മൂന്നര കോടിയാണ് കവർന്നതെന്നാണ് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ആരോപണം. ഇത് ബി.ജെ.പി നിഷേധിച്ചു. പ്രതികളിൽ നിന്ന് ഒരു കോടിയിലേറെ രൂപ അന്വേഷണസംഘം കണ്ടെടുത്തു. ബിസിനസുമായി ബന്ധപ്പെട്ട് സുനിൽ നായിക്ക് നൽകിയ പണമാണെന്നാണ് ധർമ്മരാജ് പൊലീസിനോട് ആദ്യം പറഞ്ഞത്. ഇതിന് രേഖകളുണ്ടെന്നും വ്യക്തമാക്കി. എന്നാൽ രേഖകൾ ഇതുവരെ എത്തിച്ചില്ല.