തൃശൂർ: കൊവിഡ് കാലത്ത് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് പിന്തുണയേകാൻ ജില്ലയിൽ വിവിധ വകുപ്പുകളുടെ കീഴിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സേവനം ഉറപ്പാക്കും. ആരോഗ്യ വകുപ്പിന്റെ കീഴിൽ എൻ.എച്ച്.എമ്മിന്റെ 29 കൗൺസിലർമാർ ഇതിനായി കൺട്രോൾ റൂമുകളിലും ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായി പ്രവർത്തിച്ചു വരുന്നുണ്ട്. സാമൂഹികനീതി വകുപ്പിന്റെ കീഴിൽ പഞ്ചായത്ത് തലത്തിൽ ജെൻഡർ റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവർത്തിച്ചിരുന്ന 26 കൗൺസിലർമാർ പഞ്ചായത്തുകളിലെ കൊവിഡ് ഹെൽപ്പ് ഡെസ്കുകളുമായി ബന്ധപ്പെട്ട് കൊവിഡ് ബാധിതർക്ക് കൗൺസിലിംഗ് നൽകി വരുന്നു. വകുപ്പിന്റെ കീഴിൽ തന്നെ സ്നേഹിത എന്ന പദ്ധതിയുടെ ഭാഗമായി രണ്ട് കൗൺസിലർമാരുടെ സേവനവും ലഭ്യമാണ്. ഐ.സി.ഡി.എസിനു കീഴിൽ പ്രവർത്തിക്കുന്ന 67 സ്കൂൾ കൗൺസിലർമാരും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സേവനം നൽകി വരുന്നു. സൈക്കോ സോഷ്യൽ സപ്പോർട്ടിനായി ജില്ലാതലത്തിൽ 0487 2383155, 812901884 എന്നീ നമ്പരുകൾ ഉപയോഗപ്പെടുത്താം.