athira-and-rohini

മാള: കൊവിഡ് വ്യാപനം തടയുന്നതിനായി രാപ്പകലെന്നില്ലാതെ മഴയത്തും വെയിലത്തും കഷ്ടപ്പെടുന്ന പൊലീസിന് സഹായവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ആതിരയും രോഹിണിയും. പ്രതിഫലേച്ഛ ഇല്ലാതെ പൊലീസിനെ സഹായിക്കാൻ സാമൂഹിക സേവന ലക്ഷ്യവുമായാണ് മാള ടൗണിൽ ഇവർ സേവനം ചെയ്യുന്നത്.

ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ പാസായ മാള പള്ളിപ്പുറം സ്വദേശി ആതിര രവി, ബിരുദം പൂർത്തിയാക്കിയ പുത്തൻചിറ സ്വദേശി രോഹിണി എന്നിവർ വെയിലും മഴയും വകവെയ്ക്കാതെയാണ് നിരത്തിലുള്ളത്. പറവൂരിൽ പൈപ്പ് ലൈൻ പദ്ധതിയുടെ ഫയർ ആൻഡ് സേഫ്റ്റി ഓഫീസറാണ് ആതിര. മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ 20 ഓളം പേരാണ് ഇത്തരത്തിൽ പൊലീസിനെ സഹായിക്കാനുള്ളത്.

ഈ സംഘത്തിലെ വനിതകൾ ആതിരയും രോഹിണിയും മാത്രമാണ്. കാഴ്ചക്കാരും കാവൽക്കാരുമായി നിൽക്കുകയല്ല, ഓരോ വാഹനവും ലോക് ഡൗൺ നിയന്ത്രണം പാലിച്ചാണോ പോകുന്നതെന്ന് ഉറപ്പുവരുത്തും. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങി നടക്കുന്നവരെ വെറുതെ പറഞ്ഞുവിടാതെ പൊലീസിന് വിവരം നൽകും. നിയമ ലംഘനം ആണെങ്കിൽ പറയുന്ന നുണകൾ പൊളിക്കാനും ഇരുവരും ചോദ്യങ്ങൾ ഉന്നയിക്കും. രണ്ട് ഘട്ടങ്ങളായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും തുടർന്ന് വൈകീട്ട് 7 വരെയുമാണ് സേവനം ക്രമീകരിച്ചിട്ടുള്ളത്.

'എന്ത് പറഞ്ഞാലും അനുസരിക്കാത്ത ചിലർ ലോക്‌‌ഡൗൺ കഴിഞ്ഞുവെന്ന് സ്വയം പ്രഖ്യാപിച്ച് കറങ്ങി നടക്കുകയാണ്. ഇത് ഇന്നലെ കുറച്ച് പ്രയാസം ഉണ്ടാക്കി. ലോക്‌‌ഡൗൺ കഴിഞ്ഞല്ലോ ഇനിയെന്തിനാ നിങ്ങൾ നിൽക്കുന്നതും പരിശോധിക്കുന്നതും എന്നാണ് ചിലരുടെ ചോദ്യം.'

ആതിര രവി.