വടക്കാഞ്ചേരി: കേന്ദ്ര സർക്കാർ ആയുഷ്മന്ത്രാലയം വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്ന് ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രത്തിൽ നിന്നും സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. ദില്ലിയിലെ ആയുഷിന്റെ കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദ സയൻസാണ് മരുന്ന് വികസിപ്പിച്ചെടുത്തിട്ടുള്ളത്. മരുന്നിന് ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചതായി നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പഞ്ചകർമ്മ ഡയറക്ടർ ഡോ. സുധാകർ അറിയിച്ചു.
ഏഴിലം പാലയുടെ തൊലിയിൽ നിന്നുള്ള ജലീയ സത്തും കടുക രോഹിണിയുടെ കാണ്ഡത്തിൽ നിന്നുള്ള ജലീയ സത്തും കിരിയാത്തിന്റെ സമൂലമുള്ള ജലീയ സത്തും കഴറ്റി കുരുവിന്റെ ശുദ്ധി ചെയ്ത പൊടിയുമാണ് 'ആയുഷ് 64' എന്ന മരുന്നിൽ അടങ്ങിയിട്ടുള്ളതു്. പാർശ്വഫലങ്ങൾ ഇല്ലാത്തതാണ് മരുന്ന്. ആയുർവേദത്തിൽ കൊവിഡ് പ്രതിരോധ ചികിത്സകൾ ഫലം കണ്ടുവരുന്നതായി അധികൃതർ അറിയിച്ചു. ദില്ലിയിലെ ആയുർവേദ എയിംസിൽ ചികിത്സ തേടിയ 90 ശതമാനം കൊവിഡ് ബാധിതരും രോഗം ഭേദമായി മടങ്ങിയെന്ന് കേന്ദ്ര ആയുഷ്മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗികൾക്ക് ആയുർവേദ മരുന്നുകളും ചികിത്സയും മാത്രമാണ് നൽകിയിരുന്നത്. ഇവിടെ മരണനിരക്ക് പൂജ്യമായിരുന്നു. മരുന്ന് ചികിത്സ, ഭക്ഷണക്രമം, യോഗ എന്നിവയാണ് ചികിത്സാരീതി. കൊവിഡ് പ്രതിരോധത്തിനായുള്ള ആയുഷ് 64 എന്ന മരുന്ന് വാങ്ങാനായി ചെറുതുരുത്തിയിലെ പഞ്ചകർമ്മ ഗവേഷണ കേന്ദ്രത്തിൽ എത്തുന്നവർ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ച റിപ്പോർട്ടിന്റെ കോപ്പിയും രോഗിയുടെ ആധാർ കാർഡും ഹാജരാക്കണം. മരുന്നുകൾ വാങ്ങാനായി രോഗികൾ വരണമെന്നില്ല. രോഗികളുടെ ബന്ധുക്കൾക്കും മരുന്നുകൾ ലഭിക്കും.