തൃപ്രയാർ: ലോക്‌ഡൗൺ സമയത്ത് മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടിയ നാട്ടികയിലെ രോഗിക്ക് മൂവാറ്റുപുഴയിൽ നിന്നും നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ ജീവൻ രക്ഷാ മരുന്ന് എത്തിച്ചു നൽകി. മൂവാറ്റുപുഴ സഭയ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന രോഗിക്ക് മരുന്നെത്തിച്ചത്. നാട്ടിക മുൻ പഞ്ചായത്ത്‌ മെമ്പർ പി.എം സിദ്ദിഖാണ്, നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഫയർ ഓഫീസർ ബ്രിജിത് ലാലിനെ വിവരം അറിയിച്ചത്. ഉടൻ മുവാറ്റുപുഴ ഫയർ ഓഫീസിന്റെ സഹായത്തോടെ മുവാറ്റുപുഴ സഭയ് ഹോസ്പിറ്റലിൽ നിന്നും മരുന്ന് വാങ്ങി ആലുവ, ചാലക്കുടി, തൃശൂർ എന്നീ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസുകളുടെ സഹായത്തോടെ മൂന്ന് മണിക്കൂർ കൊണ്ട് തൃശൂരിലെത്തിച്ചു. ഇന്നലെ രാവിലെ നാട്ടിക ഫയർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ആർ ജയകുമാറിന്റെ നേത്യത്വത്തിൽ നാട്ടികയിലെത്തിച്ച മരുന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി . ആർ ജയകുമാർ കൈമാറി. എ. എൻ സിദ്ധപ്രസാദ്‌, സീനിയർ ഫയർ ഓഫീസർമാരായ കെ. ടി ബ്രിജിത് ലാൽ, കെ. സി സജീവ്, എം. എ ചന്ദ്രൻ, ഫയർ ഓഫീസർമാരായ ഷിജോർ, വിബിൻ ദത്ത്, മനു, ഷാജി എന്നിവർ സംബന്ധിച്ചു.