ഗുരുവായൂർ: തീർത്ഥാടന നഗരമായ ഗുരുവായൂരിന് പ്രത്യേകം പാക്കേജ് നടപ്പാക്കാൻ മുൻകൈയ്യെടുക്കുമെന്ന് നിയുക്ത എം.എൽ.എ എൻ.കെ. അക്ബർ. ഗുരുവായൂരിൽ മാദ്ധ്യമ പ്രവർത്തകരുമായി നടത്തിയ സൗഹൃദ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് പാക്കേജ് തയ്യാറാക്കുക. ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയിൽവെ മേൽപ്പാലം സമയബന്ധിതമായി പൂർത്തീകരിക്കും. അഴുക്ക്ചാൽ പദ്ധതി പൂർത്തീകരിച്ചു കഴിഞ്ഞു. വ്യക്തിഗത സിവേജ് കണക്ഷൻ കൊടുക്കുന്ന പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഉടൻ തന്നെ പദ്ധതി കമ്മീഷൻ ചെയ്ത് പ്രവർത്തന സജ്ജമാക്കും. ചാവക്കാട് താലൂക്കാശുപത്രി ജില്ലാ ആശുപതിയായി ഉയർത്തും. ആശുപത്രി വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജലജീവൻ പദ്ധതിയുടെ സഹകരണത്തോടെ പദ്ധതി തയ്യാറാക്കും.
ഗുരുവായൂരിൽ നിന്നും വടക്കോട്ടുള്ള റയിൽ പാത നടപ്പിലാക്കാൻ മുൻകൈയ്യെടുക്കും. ഗുരുവായൂരിൽ നിന്നും പുങ്കന്നം വഴി തിരിച്ചുവിടാവുന്ന തരത്തിൽ ക്ഷേത്രനഗരികളായ രാമേശ്വരം, മുകാംബിക എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രയിൻ ആരംഭിക്കാൻ ഇടപെടും. ചാവക്കാട് മമ്മിയൂർ ചാട്ടുകുളം റോഡ് വീതി കൂട്ടി ഉന്നത നിലവാരത്തിലാക്കും. ഗുരുവായൂർ അത്താണി കോയബസാർ റോഡും വീതി കൂട്ടും. റോഡുകൾ മികച്ച നിലവാരത്തിലാക്കും. കോളനികളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും പദ്ധതി തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പോരായ്മ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകും. ഗുരുവായൂർ മണ്ഡലത്തിലെ പ്രത്യേകതയായ രാമച്ച കൃഷിയെ വ്യാവസായികമായി ഉയർത്തി ഗുരുവായൂർ ബ്രാന്റ് രാമച്ചം എന്ന രീതിയിൽ ബ്രാന്റ് ചെയ്യുന്നതിന് മുൻഗണന നൽകും. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരിച്ച് മികവുറ്റതാക്കുമെന്നും എൻ.കെ. അക്ബർ പറഞ്ഞു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസും നിയുക്ത എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.