ചാലക്കുടി: കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ നഗരസഭാ ചെയർമാനും കൂട്ടരും സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന ആരോപണവുമായി സ്വതന്ത്ര കൗൺസിലർമാർ രംഗത്ത്. വി.ജെ. ജോജി, ടി.ഡി. എലിസബത്ത് എന്നിവരാണ് കണക്കുകൾ നിരത്തി ചെയർമാൻ നടത്തുന്ന തന്നിഷ്ട പ്രവർത്തനങ്ങൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. താലൂക്ക് ആശുപത്രിയിലെ ഓക്‌സിജൻ സിലിണ്ടർ ക്ഷാമം പരിഹരിക്കുന്നത് ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനത്തിനായി പ്രാൺ എന്ന പേരിൽ രൂപീകരിച്ച ചെയർമാൻ റിലീഫ് ഫണ്ടിലേക്ക് ഇതിനകം സ്വരൂപിച്ചത് പതിമൂന്നര ലക്ഷം രൂപ. എന്നാൽ മരുന്നു വാങ്ങാൻ ആശുപത്രിയിലേക്ക് ഇതുവരെ നൽകിയത് 2.5 ലക്ഷം രൂപയും. സ്വതന്ത്ര കൗൺസിലർമാർ ചൂണ്ടിക്കാട്ടി. സ്വകാര്യ സ്ഥാപനങ്ങളിലെ ഉൾപ്പടെ നൂറോളം സിലിണ്ടറുകൾ ഇതിനകം ആശുപത്രിയിലേക്ക് ലഭിക്കുകയും ചെയ്തു. ദുരിതാശ്വാസ നിധിയിലൂടെ പണം ഉപയോഗിച്ച് ഒരു സിലിണ്ടർ പോലും നഗരസഭ വാങ്ങി നൽകിയിട്ടില്ലെന്നും പിരിച്ച ബാക്കി തുക ഉടനെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് നൽകണമെന്നും വി.ജെ.ജോജിയും എലിസബത്തും ആവശ്യപ്പെട്ടു.

സമൂഹ അടുക്കളയിൽ നിന്നും 600 ഭക്ഷണ പൊതികൾ പ്രതിദിനം വിതരണം ചെയ്യുന്നതായി പ്രചരിപ്പിക്കുമ്പോൾ കൊവിഡ് രോഗികളും നിരീക്ഷണത്തിൽ ഇരിക്കുന്നതുമായ നൂറിലധികം ആളുകൾക്ക് മാത്രമാണ് ലഭിക്കുന്നത്. ബാക്കിയെല്ലാ ഭക്ഷണപ്പൊതികളും രാഷ്ട്രീയ പ്രചരണത്തിന്റെ പേരിൽ വിതരണം ചെയ്യുകയാണെന്ന് സ്വതന്ത്ര കൗൺസിലർമാർ ആരോപിച്ചു. കൊവിഡ് ബാധിച്ച എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റുകൾ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.