കൊടുങ്ങല്ലൂർ: കടലാക്രമണം മൂലം നാശനഷ്ടം സംഭവിച്ച എറിയാട് പഞ്ചായത്തിലെ തീരദേശവാസികൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്ന് എറിയാട് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിൽ താമസിപ്പിച്ച് ഭക്ഷണം നൽകിയതല്ലാതെ ഒരു സഹായവും ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാണിച്ചു. ഉദാരമതികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായം കൊണ്ടാണ് പല കുടുംബങ്ങളും പട്ടിണിയില്ലാത കഴിയുന്നത്. എല്ലാ ദുരിതബാധിതർക്കും എത്രയും പെട്ടന്ന് താത്കാലിക ആശ്വാസമെന്ന രീതിയിൽ സാമ്പത്തിക സഹായം നൽകാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.കെ മുഹമ്മദ് അദ്ധ്യക്ഷനായി. കെ.എം സാദത്ത്, ലൈല സേവ്യർ, നജ്മ അബ്ദുൾകരീം, കെ.എസ് രാജീവൻ, പി.എച്ച് നാസർ എന്നിവർ സംസാരിച്ചു.