ചാവക്കാട്: ആഴ്ച്ചകൾക്ക് ശേഷം ചാവക്കാട് ബ്ലാങ്ങാട് ബീച്ച്, മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനായി യാനങ്ങൾ കടലിലേക്കിറങ്ങി. ബ്ലാങ്ങാട് ബീച്ചിൽ ചെറുവള്ളങ്ങളാണ് കടലിലേക്ക് ഇറങ്ങിയത്. എന്നാൽ കാര്യമായി മീനൊന്നും ലഭിച്ചില്ല. ചെറിയ അയില മേത്തൾ, ചൂട തുടങ്ങി ചെറുമീനുകളാണ് ലഭിച്ചത്.

ബ്ലാങ്ങാട് ബീച്ചിൽ കൂടുതലായും വലിയ മത്സ്യങ്ങളെ പിടിക്കുന്ന ചൂണ്ട വഞ്ചികളാണ് ഉള്ളത്. ഇതിലെ ഭൂരിഭാഗം തൊഴിലാളികളും കുളച്ചൽ ഭാഗങ്ങളിൽ നിന്നാണ്. ചാവക്കാട് നഗരസഭാ കണ്ടെയ്‌ൻമെന്റ് സോണായത് മുതൽ ബ്ലാങ്ങാട് ബീച്ചിൽ നിന്ന് ചുണ്ട വഞ്ചിയിലെ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു.

മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് വലിയ മത്സ്യബന്ധന യാനങ്ങൾ കടലിലേക്കിറങ്ങി. ചെറിയ മത്സ്യബന്ധന യാനങ്ങൾ കടലിൽ പോയിട്ടില്ല. കടപ്പുറം പഞ്ചായത്ത് നിയന്ത്രിത മേഖലയായതിനാൽ നിയന്ത്രണങ്ങളുടെ ഭാഗമായി മീൻ എടുക്കാൻ ആളില്ല. അതോടെ ബോട്ടുകാർ മീൻപിടുത്തം താത്കാലികമായി നിറുത്തിവെച്ചരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ആരും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് കൂടി ലഭിച്ചതോടെ പൂർണ്ണമായും മത്സ്യബന്ധനം ഇല്ലാതായി. പിന്നീട് അനുമതി ലഭിച്ചതോടെയാണ് ഇന്നലെ മുതൽ കടലിലേക്ക് പോകാൻ ബോട്ടുകാർ തീരുമാനിച്ചത്.