വടക്കാഞ്ചേരി: കുറാഞ്ചേരിയിൽ ആശങ്ക പരത്തി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗ നിവാരണത്തിനായി നടപടികളുമായി നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ രംഗത്തെത്തി. പനി സ്ഥിരീകരിച്ച 50 കാരനായ രോഗിയെ ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ഒരാൾക്കു മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനി സ്ഥിരീകരിച്ച മുപ്പതാം ഡിവിഷനിൽ ഇന്നലെ ഡ്രൈ ഡേ ആചരിച്ച അധികൃതർ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡിലെ പാതയോരങ്ങളിൽ സ്‌പ്രേയിംഗ് നടത്തി. വാർഡിലെ ശുചിമുറികളുടെ വെന്റ് പൈപ്പുകളിൽ നെറ്റ് ഇടുകയും കൊതുകു വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. എല്ലാ വീടുകളുടെ പരിസരങ്ങളിലും ഉറവിട നശീകരണം നടത്തി. ഡിവിഷൻ കൗൺസിലർ അനൂപ് കിഷോർ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നഗരസഭാ സാനിറ്റേഷൻ ജീവനക്കാർ, ആർ.ആർ.ടി വളണ്ടിയേഴ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടന്നത്.