ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിലെ പാലക്കുന്ന് നാല് സെന്റ് കോളനിയിൽ കൊവിഡ് സമൂഹ വ്യാപനം നടന്നതായി സംശയം. 28വീടുകളുള്ള കോളനിയിൽ 22വീടുകളിലും കൊവിഡ് റിപ്പോർട്ട് ചെയ്തു. നിലവിൽ 122 പേരാണ് കോളനിയിൽ ചികിത്സയിലുള്ളത്. രണ്ടാഴ്ചക്കുള്ളിലാണ് ഇത്രയേറെ കേസുകൾ കോളനിയിൽ റിപ്പോർട്ട് ചെയ്തത്. സമീപത്തെ എസ്‌.സി കോളനിയിലേക്കും രോഗവ്യാപനം നടന്നതായി സംശയിക്കുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. കൊവിഡ് അതിവ്യാപനം റിപ്പോർട്ട് ചെയ്തതോടെ പാലക്കുന്ന് വാർഡ് ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിക്കാനും ആരോഗ്യവിഭാഗം ശുപാർശ ചെയ്തു. വാർഡ് മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രതിരോധ പ്രവർത്തനം നടക്കുന്നത്. വാർഡിലേക്കുള്ള വഴികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പൊലീസ് പരിശോധന കർശനമാക്കി. അഗ്‌നിരക്ഷാസേന കഴിഞ്ഞ ദിവസം ഇവിടെ അണുനശീകരണം നടത്തിയിരുന്നു. ആർ.ആർ.ടിയുടെ നേതൃത്വത്തിലാണ് വീടുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നത്. പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ തന്നെ ഇത്രയും വലിയതോതിൽ സമൂഹ വ്യാപനം ഒരു പഞ്ചായത്ത് വാർഡിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ജില്ലാ മെഡിക്കൽ വിഭാഗത്തിന്റെ വിലയിരുത്തൽ. സംഭവം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ഡെപ്യൂട്ടി ഡി.എം.ഒ, പി.കെ. രാജു അറിയിച്ചു.