പുതുക്കാട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി മുങ്ങിത്താഴ്ന്നയാളെ രക്ഷപ്പെടുത്തി. വടക്കെ തൊറവ് തേവർ മഠം ശിവ ക്ഷേത്രത്തിനടുത്ത് തെക്കൂട്ട് പരേതനായ രാമൻ മേനോന്റെ വീട്ടുകിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആടിന്റെ ഉടമ പൊന്നേത്ത് ദാസനെയാണ് (58) ഫയർഫോഴ്സ് എത്തി രക്ഷിച്ചത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ദാസന്റെ ഭാര്യയും ആശ പ്രവർത്തകയുമായ സൂര്യ ആടിനെ തീറ്റുന്നതിനിടെ കിണറിന്റെ ആൾമറയിൽ കയറി വള്ളി പടർപ്പുകൾ തിന്നിരുന്ന ആട് കിണറ്റിൽ വീഴുകയായിരുന്നു. ഉടനെ ദാസനെ വിളിച്ചു വരുത്തി. അടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ദാസൻ കരക്കുകയറാൻ പറ്റാതെ വെള്ളത്തിൽ മുങ്ങി താണു. ദാസന്റെ ഭാര്യയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ പ്ലാസ്റ്റിക്ക് കസേര കയറിൽ കെട്ടി ഇറക്കി. എന്നാൽ ആടുമായി കസേരയിൽ കയറിയ ദാസന്റെ കാൽ കസേരയിലും കയറിലും കുരുങ്ങുകയായിരുന്നു. ഇതോടെ സ്വയം കയറാനും കരക്കു നിന്നവർക്ക് വലിച്ചു കയറ്റാനും പറ്റാതായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്ത് അംഗം സി.സി. സോമൻ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ക്രിറ്റിക്കൽ കണ്ടെയ്ൻമെന്റ് സോണായതിനാൽ അടച്ചുകെട്ടിയ പ്രധാന വഴി തുറന്നാണ് ഫയർ ഫോഴ്‌സിനെത്താനായത്. തുടർന്ന് ഫയർ ഫോഴ്‌സ് സേനാംഗങ്ങൾ വല ഇറക്കി ദാസനെയും ആടിനെയും കരക്കു കയറ്റുകയായിരുന്നു.
രണ്ടു മണിക്കൂറോളമാണ് ദാസൻ കിണറ്റിൽ കിടന്നത്. 12മീറ്ററോളം ആഴമുള്ള കിണറ്റിൽ പകുതിയോളം വെള്ളമുണ്ട്. മുൻ മന്ത്രി പരേതനായ പി.പി. ജോർജ്ജ് മാസ്റ്ററുടെ ഡ്രൈവറായിരുന്നു ദാസൻ.