ചാലക്കുടി: ജില്ലാ അതിർത്തിയായ മലക്കപ്പാറ കൊവിഡ് വ്യാപനത്തിന്റെ ഭീകരാവസ്ഥയിൽ. ഞായറാഴ്ച തോട്ടം മേഖലയിൽ 36 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 125 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. ടി.പി.ആർ നിരക്ക് 28.8 ശതമാനമായി ഉയർന്നതാണ് ആരോഗ്യ വകുപ്പിനെ അങ്കലാപ്പിലാക്കുന്നത്. ഇതോടെ മലക്കപ്പാറയിൽ കൊവിഡ് സ്ഥിരീകരിച്ചവർ നൂറിൽ കൂടുതലായി.

തമിഴ്‌നാടിന്റെ വിവിധ ജില്ലകലിൽ ജോലിക്കും പഠനത്തിനുമായി പോയിരുന്ന യുവാക്കളും മറ്റും തിരിച്ചെത്തിയപ്പോഴാണ് മലക്കപ്പാറയിൽ രോഗ വ്യാപനം ക്രമാതീതമായത്. ഇവരെല്ലാം തേയിലെ തോട്ടം തൊഴിലാളികളുടെ മക്കളാണ്. 1300 ഓളം തോട്ടം തൊഴിലാളികളാണ് ഇവിടെ ലയങ്ങളിൽ താമസിക്കുന്നത്. ഇതോടെ ഇവരെല്ലാം കനത്ത ഭീതിയിലുമായി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരെ പഞ്ചായത്ത് കണ്ണൻകുഴി കമ്മ്യൂണിറ്റി ഹാളിൽ പുതുതായി ഒരുക്കിയ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതൽ രോഗ വ്യാപനുണ്ടായാൽ എന്തു ചെയ്യാനാകുമെന്ന ആശങ്കയിലാണ് പഞ്ചായത്ത് അധികൃതർ. മലക്കപ്പാറയിലേക്ക് കൊവിഡ് പ്രിരോധത്തിനായി ഒരു ആംബുലൻസ് വാടകയ്ക്ക് എടുക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചു. അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ വെറുതെ കിടക്കുന്ന ആംബുലൻസ് മലക്കപ്പാറയിലേക്ക് വിട്ടുനൽകണമെന്ന പഞ്ചായത്തതിന്റെ ആവശ്യം പൊലീസ് മേധാവികൾ ഇതുവരേയും ചെവികൊണ്ടിട്ടില്ല.