തൃശ്ശൂർ: മുനയ്ക്കൽ ബീച്ചിൽ തീർത്ത മിയാവാക്കി വനം കഴിഞ്ഞയാഴ്ച ഉണ്ടായ കടലാക്രമണത്തെ അത്ഭുതകരമായി അതിജീവിച്ചു. ഒരു വർഷം കഷ്ടിച്ചു പൂർത്തിയാക്കുന്ന ഈ ചെറുവനത്തിലെ 3250 ചെടികളിൽ ഇരുപതെണ്ണം മാത്രമാണ് കാറ്റിൽ കടപുഴകിയത്. പൂർണ്ണമായും നശിച്ചത് അഞ്ചെണ്ണം മാത്രം. പതിനഞ്ചെണ്ണം വീണ്ടും തളിർക്കുമെന്നു പ്രതീക്ഷിക്കുന്നു. 2020 മെയ് 15 നാണ് മുസിരിസ് പദ്ധതിയ്ക്കു കീഴിലുള്ള മുനയ്ക്കൽ പാർക്കിൽ മിയാവാക്കി മാതൃകാ വനവല്ക്കരണം നടത്തിയത്. കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) കേരളത്തിലുടനീളം മിയാവാക്കി മാതൃകാ വനങ്ങൾ സൃഷ്ടിച്ചതിന്റെ ഭാഗമായാണ് മുനയ്ക്കലിലും വനം തീർത്തത്. ഇരുപതു സെന്റ് സ്ഥലത്തായിരുന്നു വനമാതൃക നട്ടു പിടിപ്പിച്ചത്. കടലിനു വളരെ അടുത്ത് ചൊരിമണലിൽ ജൈവവളങ്ങളും ചകരിച്ചോറും ഉമിയും മറ്റും പ്രത്യേക അനുപാതത്തിൽ ചേർത്താണ് ചെടികൾ നട്ടത്. പന്ത്രണ്ടു മാസം കൊണ്ട് പകുതിയിലധികം ചെടികളും പന്ത്രണ്ടു മുതൽ പതിനഞ്ചു വരെ അടിയിൽ അധികം ഉയരം വച്ചു. ഒരു വർഷവും രണ്ടു ദിവസവും പൂർത്തിയാക്കിയപ്പോഴാണ് ചുഴലിക്കാറ്റിന്റെ ഭാഗമായ കാറ്റും കടലാക്രമണവും ഉണ്ടായത്. കടൽ വെള്ളം ബീച്ചും പാർക്കും കടന്ന് റോഡിലെത്തി. എന്നാൽ മിയാവാക്കി മാതൃകാ വനത്തിന് വളരെ കുറച്ചു നാശനഷ്ടങ്ങളേ സംഭവിച്ചുള്ളൂ. നേച്ചേഴ്‌സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, കൾച്ചർ ഷോപ്പി, ഇൻവിസ് മൾട്ടിമീഡിയ ഈ സംഘടനകളുടെ കൺസോർഷ്യമാണ് കെഡിസ്‌കിനു വേണ്ടി വനം വച്ചു പിടിപ്പിച്ചത്.
മിയാവാക്കി വനം
ഇന്നു ജീവിച്ചിരിക്കുന്ന സസ്യശാസ്ത്രജ്ഞരിൽ പ്രമുഖനായ പ്രൊഫ. അകിരാ മിയാവാക്കിയാണ് 25-30 വർഷം കൊണ്ട് 100 വർഷം പ്രായമായ സ്വാഭാവിക വനത്തിനു തുല്യമായ വനം സൃഷ്ടിക്കാൻ കഴിയുന്ന ഈ മാതൃക ആവിഷ്‌കരിച്ചത്. കഴിഞ്ഞ അൻപതു വർഷം കൊണ്ട് ജപ്പാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 1400 ൽ അധികം ചെറുവനങ്ങൾ പ്രൊഫ. മിയാവാക്കി തന്നെ സൃഷ്ടിച്ചിട്ടുണ്ട്.