bio

തൃശൂർ: കൊവിഡിലും തുടർന്നുണ്ടായ ലോക് ഡൗണിലും വീട്ടിലായ ജനം ജൈവക്കൃഷിയിലേക്ക് തിരിയുന്നു. 2020 മാർച്ചിൽ ലോക് ഡൗൺ സമയത്ത് ആരംഭിച്ച ജൈവക്കൃഷി ഇടക്കാലത്ത് പലരും ഉപേക്ഷിച്ചെങ്കിലും രണ്ടാം ലോക് ഡൗണോടെ വീണ്ടും ശക്തിപ്പെട്ടു.

വെറുതെയിരിക്കുന്ന സമയം ഉപയോഗ പ്രദമാക്കുകയെന്ന ചിന്തയിലാണ് പലരും കൃഷിയിലേക്ക് തിരിഞ്ഞത്. ചന്തകളിലെത്തുന്ന പല പച്ചക്കറികളിലും കീടനാശിനികളുടെ അംശമുണ്ടെന്ന ആശങ്കയും പലരെയും ജൈവക്കൃഷിയിലേക്ക് വഴിതിരിച്ചു വിട്ടു. വേനൽ മഴ ശക്തിപ്പെട്ടതും ജൈവക്കൃഷിക്ക് തുണയായി. പച്ചക്കറിയും വാഴയുമുൾപ്പെടെയുള്ള നിരവധി സാധനങ്ങളാണ് വീടുകളിൽ ജൈവരീതിയിൽ ഉത്പ്പാദിപ്പിക്കപ്പെടുന്നത്.

കൃഷിഭവനുകളിൽ നിന്നും മറ്റും സൗജന്യനിരക്കിൽ ലഭിക്കുന്ന അത്യുത്പ്പാദന ശേഷിയുള്ള വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. വെണ്ട, വഴുതന, തക്കാളി, ചീര, പയർ, കോളിഫ്‌ളവർ, പച്ചമുളക്, വാഴ, കറിവേപ്പില, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക തുടങ്ങിയവയെല്ലാം ഈ രീതിയിൽ വീടുകളിൽ യഥേഷ്ടം ഉണ്ടാക്കുന്നുണ്ട്. മഞ്ഞൾ, കൂവ, കൂർക്ക, ഇഞ്ചി എന്നിവയും വ്യാപകമായി കൃഷി ചെയ്യുന്നവരുണ്ട്.


ഗ്രോബാഗുകളിലും മണ്ണിലും കൃഷി സജീവമാണ്. മട്ടുപ്പാവിലും കൃഷി ചെയ്യുന്നവരുണ്ട്. ജൈവ രീതിയിലുള്ള വേസ്റ്റുകളും മറ്റും ഉപയോഗപ്പെടുത്തിയാണ് കൃഷി. വീട്ടാവശ്യത്തിനാണ് ഇത്തരം പച്ചക്കറികളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. ആവശ്യം കഴിച്ചുള്ളവ അടുത്ത വീടുകളിലേക്കും പച്ചക്കറി സഹകരണ സംഘങ്ങളിലേക്കും നൽകുന്നുമുണ്ട്.

തുണയായി കൃഷി വകുപ്പ്

രാസവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി രാസ വിമുക്തമായ വെള്ളം, മണ്ണ്, ഭക്ഷണം എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ജൈവ കാർഷിക നയം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ ഘട്ടം ഘട്ടമായി സമ്പൂർണ്ണ ജൈവക്കൃഷി സംസ്ഥാനമാക്കി മാറ്റുക എന്നതും ലക്ഷ്യമാണ്. കൃഷി വകുപ്പ് ജീവനി, വീട്ടിൽ ഒരു അടുക്കളത്തോട്ടം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ജൈവക്കൃഷി പ്രോത്സാഹനത്തിനായി നടപ്പാക്കിവരുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങൾക്ക് വിത്ത് പാക്കറ്റുകളും തൈകളും വിതരണം ചെയ്തിരുന്നു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കേരള കാർഷിക സർവകലാശാലയും കർഷകർക്കായി വിവിധ നിർദ്ദേശങ്ങളും ഓൺലൈനായി നൽകുന്നുണ്ട്.


ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം അഞ്ച് ലക്ഷം വിത്തുപാക്കറ്റും 20 ലക്ഷം പച്ചക്കറി തൈകളും നൽകുന്നുണ്ട്. എല്ലാ ബ്ലോക്കുകളിലേക്കും അവ വീതിച്ച് നൽകിക്കഴിഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ കർഷകർക്ക് അതെല്ലാം വിതരണം ചെയ്യാനാകും. സുഭിക്ഷം സുരക്ഷിതം എന്നൊരു പദ്ധതി കൂടി നടന്നുവരുന്നുണ്ട്. ഒരു ബ്ലോക്കിൽ 500 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. അതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി.

കെ.എസ് മിനി
ജില്ലാ കൃഷി ഓഫീസർ